അജ്ഞാത ജീവിയുടെ ആക്രമണം
വെസ്റ്റ് കൊരട്ടിയിൽ 40 കോഴികൾ ചത്തു

അജ്ഞാത ജീവി കൊന്നിട്ട മടയത്ത് സാജുവിന്റെ വീട്ടിലെ മുട്ടക്കോഴികൾ
വെസ്റ്റ് കൊരട്ടി
കുടുംബം ഉപജീവനമാർഗമായി വളർത്തിയിരുന്ന നാൽപ്പതോളം കോഴികൾ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ചത്ത നിലയിൽ. വെസ്റ്റ് കൊരട്ടി മടയത്ത് സാജുവിന്റെ വീട്ടിലെ കോഴികളെയാണ് വ്യാഴാഴ്‌ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. രാത്രി അടച്ചിട്ടിരുന്ന കോഴിക്കൂട് തുറന്ന നിലയിലായിരുന്നു. കൂടിനകത്തും പുറത്തും സമീപത്തെ വലയിലുമായി കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റ നിലയിലാണ് കോഴികളെ കണ്ടെത്തിയത്. ഈ കൂടിനോട് ചേർന്നുതന്നെ നാടൻ കോഴികളെ പാർപ്പിച്ചിരുന്ന മറ്റൊരു കൂടുണ്ടായിരുന്നെങ്കിലും മുട്ടക്കോഴികളെ മാത്രമാണ് അജ്ഞാത ജീവി ആക്രമിച്ചത്. മൂന്ന് മാസം മുന്പാണ് ഹൃദയപക്ഷം എന്ന സംഘടന സാജുവിന്റെ ഭാര്യ ലീനയ്ക്ക് ഈ കോഴികളെ നൽകിയത്. സംഭവത്തെത്തുടർന്ന് വെറ്ററിനറി ഡോക്ടർമാരും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണം നടത്തിയ ജീവി എതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പരിശോധനയിൽ ചെറിയൊരു ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആക്രമണം നടത്തിയ ജീവിയെ തിരിച്ചറിയാനാകൂ എന്ന് അധികൃതർ അറിയിച്ചു.








0 comments