Deshabhimani

print edition 'ഞങ്ങൾ 
കാത്തിരിക്കുന്നു'

bijoy
avatar
സ്‌പോർട്‌സ്‌ ലേഖകൻ

Published on Oct 02, 2026, 01:38 AM | 1 min read

ലോകകപ്പ്‌ കളിച്ച, ലോക റാങ്കിങ്‌ പട്ടികയിൽ നാൽപ്പത്തിനാലാം സ്ഥാനക്കാരായ പാനമയെ ഇന്ത്യ 1–1ന്‌ തളച്ചപ്പോൾ പ്രതിരോധ ഹൃദയത്തിൽ മിന്നിയത്‌ ബിജോയ്‌ വർഗീസ്‌ എന്ന മലയാളി താരമാണ്‌. പരിചയ സന്പന്നനായ സന്ദേശ്‌ ജിങ്കനെ മാറ്റിയാണ്‌ പരിശീലകൻ ഖാലിദ്‌ ജമീൽ ബിജോയ്‌യെ പരീക്ഷിച്ചത്‌. അധ്വാനിച്ചുകളിച്ച ഇരുപത്താറുകാരന്‌ കോച്ച്‌ നൂറിൽ നൂറ്‌ മാർക്കും നൽകി. ബ്രസീലിനെ നാളെ നേരിടാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ്‌ ബിജോയ്‌. തിരുവനന്തപുരം പുല്ലുവിള സ്വദേശിയാണ്‌. ബ്രസീലുമായുള്ള മത്സരത്തിന്‌ മുന്പ്‌ ബിജോയ്‌ മനസ്സുതുറക്കുന്നു.


​അഭിമാന നിമിഷം


ലോകത്തെ ഏറ്റവും വന്പൻ ടീമിനെ നേരിടുന്നതിന്റെ ആവേശത്തിലാണ്‌. ഞങ്ങൾ കാത്തിരിക്കുകയാണ്‌ ആ നിമിഷത്തിനായി. പാനമയുമായുള്ള കളിയേക്കാൾ കൂടുതൽ മെച്ചപ്പെടണം. കാരണം ബ്രസീലാണ്‌. അത്രയും മികച്ച സംഘമാണ്‌. കളത്തിലിറങ്ങിയാൽ കഴിവിന്റെ 100 ശതമാനവും എല്ലാ കളിക്കാരും പുറത്തെടുക്കും.


​പാനമ സമനില


ഏറ്റവും മികച്ച പ്രകടനമാണ്‌ പുറത്തെടുത്തത്‌. അതിന്റെ ആത്മവിശ്വാസം കളിക്കാർക്കുണ്ട്‌. വാശിയോടെയാണ്‌ പന്ത്‌ തട്ടിയത്‌. ടീമിനെക്കുറിച്ച്‌ പഴി പറയുന്നവർക്ക്‌ പ്രകടനത്തിലൂടെ മറുപടി കൊടുക്കാനായി.


​കോച്ച്‌ ഖാലിദ്‌ ജമീൽ


യുവതാരങ്ങൾക്ക്‌ വലിയ പിന്തുണയാണ്‌ കോച്ച്‌ നൽകുന്നത്‌. വിശ്വാസം കാത്തുസൂക്ഷിക്കാനായി എന്ന വിശ്വാസമാണ്‌ എനിക്കുള്ളത്‌. മൂന്ന്‌ മത്സരങ്ങളിലാണ്‌ അദ്ദേഹത്തിന്‌ കീഴിലിറങ്ങിയത്‌. അവസരം കിട്ടിയാൽ നല്ല പ്രകടനം ഇനിയും പുറത്തെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്‌.


​മലയാളി താരങ്ങൾ


എല്ലാവരും ആവേശത്തിലാണ്‌. സഹൽ, ആഷിഖ്‌, സനാൻ എന്നിവരെല്ലാം കളിയിൽ പരസ്‌പരം സഹകരിക്കുന്നവരാണ്‌. അവസരം കിട്ടിയാൽ നന്നായി കളിക്കുക എന്നാണ്‌ പറയുക.


​കൊൽക്കത്ത ആവേശം


കൊൽക്കത്തയിൽ കളിക്കുക മറ്റൊരു അനുഭവമാണ്‌. മോഹൻ ബഗാൻ, ഇ‍ൗസ്‌റ്റ്‌ ബംഗാൾ ആരാധകരുടെ ആവേശം കാണാം. നിറഞ്ഞ സ്‌റ്റേഡിയത്തിൽ പന്ത്‌ തട്ടാൻ കഴിയുകയെന്നത്‌ സന്തോഷമുള്ള കാര്യമാണ്‌.

​






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home