മണ്ണത്തൂരിൽ അനധികൃത പാറഖനനം: പ്രതിഷേധം ശക്തമാകുന്നു

മണ്ണത്തൂർ തിയറ്റർപ്പടിയിലെ അനധികൃത മണ്ണെടുപ്പും പാറഖനനവും
കൂത്താട്ടുകുളം
മണ്ണത്തൂർ തിയറ്റർപ്പടിക്കുസമീപം ജനവാസമേഖലയിൽ അനധികൃത പാറഖനനവും മണ്ണെടുപ്പും. പരാതി അന്വേഷിക്കാനെത്തിയ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി മണ്ണുമാഫിയാസംഘം. തിരുമാറാടി പഞ്ചായത്തിലെ എട്ടാംവാർഡിലാണ് മണ്ണെടുപ്പ്.
മൈനിങ് ആൻഡ് ജിയോളജിവകുപ്പിൽനിന്ന് സ്ഥലം നിരപ്പാക്കാനെടുത്ത അനുമതിയുടെ മറവിൽ നൂറുകണക്കിന് ലോഡ് കല്ലും മണ്ണുമാണ് വ്യക്തി ഇതിനകം പൊട്ടിച്ചു കടത്തിയത്. വലാശേരിൽ ബിനു പി രാജൻ എന്നയാളാണ് ബിൽഡിങ് പെർമിറ്റിന്റെ മറവിൽ 20 മീറ്റർ ഉയരത്തിൽ മണ്ണിടിച്ച് നിയമലംഘനം നടത്തുന്നത്.
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ തോട്ടയും ജലാറ്റിൻ സ്റ്റിക്കും ഉപയോഗിച്ചാണ് വൻതോതിൽ സ്ഫോടനങ്ങൾ നടത്തുന്നത്. ഇത് സമീപത്തെ വീടുകൾക്ക് കടുത്ത ആഘാതം ഉണ്ടാക്കി. പരിധി മറികടന്ന് റോഡിനോടുചേർന്ന് പത്തടിയോളം താഴ്ചയിൽ മണ്ണെടുത്തു. കോടികൾ ചെലവിട്ട് നവീകരിച്ച റോഡും കാനയും ഭാഗികമായി തകർന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കിയ പൊതുഓട അനുമതിയില്ലാതെ കല്ലും തടിയും മണ്ണും ഉപയോഗിച്ച് നികത്തി. പരാതി അന്വേഷിക്കാനായി സ്ഥലത്തെത്തിയ വാർഡ് അംഗങ്ങളായ എ സി ജോൺസൺ, ബിനോയ് കുര്യാക്കോസ് എന്നിവരെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അനധികൃത ഖനനത്തിനെതിരെ നാട്ടുകാർ കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലും തിരുമാറാടി പഞ്ചായത്തിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുമാറാടി വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി, ഖനനം അനധികൃതമാണെന്ന് കണ്ടെത്തി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയുള്ള മണ്ണെടുപ്പ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കാണിച്ച് വില്ലേജ് ഓഫീസർ ജില്ലാ മൈനിങ് ആൻഡ് ജിയോളജി വിഭാഗം, കൂത്താട്ടുകുളം പൊലീസ്, തിരുമാറാടി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് റിപ്പോർട്ട് നൽകി.
മണ്ണത്തൂർ തിയറ്റർപ്പടിക്ക് സമീപത്തെ അനധികൃത പാറഖനനവും മണ്ണെടുപ്പം സംബന്ധിച്ച് പരാതി അന്വേഷിക്കാനെത്തിയ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയതിൽ ശക്തമായ നടപടി വേണമെന്ന് സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.









0 comments