Deshabhimani

print edition ഗുണ്ടാപ്പടയുടെ ആസൂത്രിത ആക്രമണം

M V Govindan
വെബ് ഡെസ്ക്

Published on Oct 02, 2026, 02:02 AM | 1 min read

തൃശൂർ: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിനുനേരെയുണ്ടായത്‌ ഗുണ്ടാപ്പടയുടെ ആസൂത്രിത ആക്രമണമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മന്ത്രി, എംപി, എംഎൽഎമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ കോൺഗ്രസ് പൊലീസുമായി ഗൂഢാലോചന നടത്തിയാണ്‌ ആക്രമണം അഴിച്ചുവിട്ടത്.


കേരളത്തിലെ വിദ്യാർഥിസമൂഹത്തിനെതിരായി നടന്ന ഏറ്റവും വലിയ കടന്നാക്രമണമാണിത്‌. എസ്എഫ്ഐക്കാർ വാഹനം തകർത്തു എന്നാണ് പറയുന്നത്. ഏത്‌ വാഹനമാണ്‌ തകർത്തതെന്ന്‌ വ്യക്തമാക്കണം. വിദ്യാർഥികളെ ആക്രമിക്കാൻ പൊലീസും കെഎസ്‌യുക്കാരും ഹോസ്റ്റലിൽ അതിക്രമിച്ചുകയറി. തീപ്പന്തങ്ങൾ എറിഞ്ഞു. സഹായത്തിന്‌ പൊലീസ്‌ വിളിച്ചതനുസരിച്ചാണ്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്‌ജീവ്‌ അവിടെയെത്തിയത്‌. എന്നാൽ കന്റോൺമെന്റ്‌ പൊലീസ്‌ സ്റ്റേഷനിലെ ക്രിമിനലുകളായ സിഐയും എസ്‌ഐയും ചേർന്ന്‌ സഞ്‌ജീവിനെ ആക്രമിക്കുകയായിരുന്നു. ഇവർ ആദ്യമായല്ല എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ ആക്രമിക്കുന്നത്‌. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.


കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ചരിത്രവിജയം നേടിയ എസ്എഫ്ഐയെ തകർക്കാനാണ്‌ പൊലീസിനെ ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്. അതേസമയം, മന്ത്രി കെ എം ഷാജിയെ വഴിയിൽ തടഞ്ഞ ആർഎസ്എസുകാർക്ക് സംരക്ഷണം ഒരുക്കുകയാണ് പൊലീസ്.

വർഗീയശക്തികൾക്ക് പൂർണമായി കീഴടങ്ങിയ സർക്കാർ എസ്‌എഫ്‌ഐയെയും വിദ്യാർഥികളെയും കടന്നാക്രമിക്കുകയാണ്‌. ഇതിനെ അതേ ശക്തിയോടെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനുമാണ്‌ തീരുമാനം. മർദകവീരന്മാരുടെ എല്ലാ സംവിധാനത്തെയും വെല്ലുവിളിച്ച്‌ കേരളത്തിലെ ജനങ്ങളെയും വിദ്യാർഥി സമൂഹത്തെയും അണിനിരത്തി മുന്നോട്ട്‌ പോകും –അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home