ശ്വാസം മുട്ടുന്നേ...

വ്യാഴാഴ്ച വൈകിട്ട് എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട വേണാട് എക്‌സ്‌പ്രസിലെ തിരക്ക്
ഏറ്റുമാനൂർ എറണാകുളം–കോട്ടയം–കൊല്ലം പാതയിൽ വൈകിട്ടത്തെ ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ലാതെ ശ്വാസംമുട്ടി യാത്രക്കാർ. ചവിട്ടുപടിയിൽ തൂങ്ങിപ്പിടിച്ചുള്ള യാത്രകൾ അപകടങ്ങൾക്ക് വഴിവയ്‌ക്കുന്ന അവസ്ഥയിൽ എത്തിയതോടെ പ്രതിഷേധവുമായി യാത്രക്കാർ. തിരക്കുമൂലം സ്ത്രീകളും വിദ്യാർഥികളും പ്രായമായവരുമുൾപ്പെടെ ട്രെയിനിൽ കയറാനാകാതെ മടങ്ങിപ്പോകുന്നത് പതിവാകുകയാണ്. തിരക്ക് കുറയ്‌ക്കും വിധം വൈകുന്നേരങ്ങളിൽ പാസഞ്ചറോ മെമുവോ അധിക സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അധികൃതർ അനങ്ങുന്നില്ലെങ്കിൽ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാനും പാസഞ്ചർ അസോസിയേഷനുകൾ തീരുമാനിച്ചു. മൂന്ന് മണിക്കൂർ ഇടവേള; തിങ്ങിനിറഞ്ഞ് വേണാട് എറണാകുളം ഭാഗത്തുനിന്ന് കോട്ടയം വഴി തെക്കോട്ട് പോകുന്ന വേണാട് എക്‌സ്‌പ്രസിലാണ് ഏറ്റവുമധികം യാത്രാ ദുരിതം. ഉച്ചയ്ക്ക് പരശുറാം എക്സ്പ്രസ് കടന്നുപോയശേഷം മൂന്ന് മണിക്കൂർ ഇടവേളയിലാണ് അടുത്ത സർവീസായ വേണാട് തൃപ്പൂണിത്തുറയിലെത്തുന്നത്. എറണാകുളത്തുനിന്ന് തിങ്ങിനിറഞ്ഞ് വരുന്ന വേണാടിൽ തൃപ്പൂണിത്തുറയിൽ ഇറങ്ങുന്ന മെട്രോ യാത്രക്കാരും കയറും. കാല് കുത്താൻ ഇടമില്ലാത്ത അവസ്ഥയാണ് പിന്നെ. ട്രെയിൻ ഏറ്റുമാനൂർ എത്തുന്പോഴേക്ക് തിരക്ക് പാരമ്യത്തിലെത്തും. തിരക്കിൽ സ്‌ത്രീകളും പ്രായമായവരും കുഴഞ്ഞുവീഴുന്നത് പതിവാണ്. വേണാടിന് മുമ്പ് ട്രെയിൻ സർവീസ് വേണം വൈകിട്ട് വേണാട് എക്‌സ്‌പ്രസിന് മുമ്പായി കൊല്ലത്തേക്ക് ഒരു അധിക ട്രെയിൻ സർവീസ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം. അധിക സർവീസ് അനുവദിച്ചാൽ നിലവിലെ യാത്രക്കാരുടെ തിരക്ക് ഒരു പരിധിവരെ കുറയ്ക്കാനാകുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ. നിരവധി തവണ പരാതികളും നിവേദനങ്ങളും നൽകിയിട്ടും റെയിൽവേ പ്രശ്നത്തിന് പരിഹാരം കാണാത്തതിൽ വൻ പ്രതിഷേധമുയരുകയാണ്. പരാതികളുമായി യാത്രക്കാർ റെയിൽവേയുടെ അവഗണനയ്‌ക്കെതിരെ കായംകുളം മുതൽ എറണാകുളം വരെയുള്ള വിവിധ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർ സംഘടിച്ച് സ്റ്റേഷൻ മാസ്റ്റർമാർക്ക് നിവേദനം നൽകി. വൈകിട്ടത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. പരിഹാരമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് കുമാർ അറിയിച്ചു.









0 comments