വഞ്ചന തുറന്നുകാട്ടും: സിപിഐ എം
ജി സുധാകരന് അധികാരഭ്രാന്ത്

ആലപ്പുഴ
താല്‍ക്കാലികമായുണ്ടായ വിജയം എന്ത് മര്യാദകേടും പറയാനുള്ള ലൈസൻസല്ലെന്ന് ജി സുധാകരന്‍ ഓർമിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ വ്യക്തമാക്കി. സുധാകരനെന്ന വര്‍ഗ വഞ്ചകനെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടി ശക്തമായി മുന്നോട്ടുപോകും.
നേരത്തെ പാര്‍ട്ടിയിൽനിന്ന് പുറത്ത്പോയ നേതാക്കളെ വര്‍ഗവഞ്ചകരെന്ന് മാത്രമല്ല മറ്റ് ഹീനമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ചും ജി സുധാകരൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്ന് അതേ സംബോധന പാര്‍ട്ടി പ്രവർത്തകരിൽ നിന്ന് കേള്‍ക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന മനോവിഭ്രാന്തിയാണ് ജി സുധാകരന്. സിപിഐ എമ്മിന്റെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താൻ ചേർന്ന വിശാല ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത പിണറായി വിജയന്‍ ആരെയും തെറിവിളിക്കാന്‍ ആഹ്വാനം ചെയ്തില്ലെന്ന് അവിടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകർക്കും അറിയാം. സുധാകരനെപ്പോലെ വായില്‍ തോന്നുന്ന വൃത്തികേട് പറയുന്ന നേതാവല്ല പിണറായി. മത്സരിക്കുവാന്‍ ഒരു സീറ്റ് തരണേ എന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയോട് ആവശ്യപ്പെട്ടെന്ന് സ്വയം വെളിപ്പെടുത്തിയത് നാമനിര്‍ദേശ പത്രിക സ്വയം നല്‍കുന്നതിന് ഒരാഴ്ചമുമ്പാണ്. യുഡിഎഫ് ക്യാമ്പുമായി ചര്‍ച്ച നടത്തുമ്പോഴും സിപിഐ എമ്മിൽ നിന്ന് മത്സരിക്കാനാകുമോ എന്ന് ശ്രമിക്കുകയായിരുന്നു.
ടി പി ചന്ദ്രശേഖരന്റെ വധത്തെ പാര്‍ട്ടി തള്ളിപറഞ്ഞിട്ടുള്ളതാണെന്ന് അന്ന് പറഞ്ഞ സുധാകരന്‍ ഇപ്പോള്‍ അവരുടെ വേദിയില്‍ ചെന്ന് നടത്തിയ അഭിപ്രായപ്രകടനം ഇരട്ടത്താപ്പിന്റെ പര്യായമാണ്. മത്സരിക്കുവാന്‍ സീറ്റ് കൊടുത്താല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്ലതും സീറ്റ് ലഭിക്കാത്തപ്പോൾ കൊള്ളരുതാത്തവരുടെ പാര്‍ട്ടിയെന്നും പുലഭ്യം പറയുന്നു.
പാര്‍ട്ടി നല്‍കിയ സ്ഥാനവും മാനവും ഉപയോഗിച്ച് സുധാകരന്‍ സമ്പാദിച്ചതിനെ കുറിച്ച് പാര്‍ട്ടി നിയോഗിച്ച അന്വേഷണകമീഷനു മുമ്പാകെ സുധാകരന്റെ പേഴ്‌സണൽ സ്‌റ്റാഫിൽ ഉൾപ്പെട്ടിരുന്നവർ പോലും മൊഴിനല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിൽ നിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ സുധാകരന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കുമറിയാം . അതിന്റെ പേരില്‍ നടപടി നേരിട്ടത് മുതലാണ് സുധാകരന് രാഷ്ട്രീയഭ്രാന്ത് മൂത്തത്.
സഹിച്ചും ക്ഷമിച്ചും സുധാകരനെ സഹകരിപ്പിച്ചു കൊണ്ടുപോകുകയായിരുന്നു. എതിരാളികളുടെ കൈയടികിട്ടാന്‍ അവരുടെ വേദിയില്‍ പോയി നിരന്തരം സിപിഐ എമ്മിനെ പുലഭ്യം പറയുന്ന സുധാകരനെയും അയാളുടെ അധികാര ഭ്രാന്തിനെയും വൃത്തികെട്ട പ്രവര്‍ത്തികളെയും തുറന്ന് കാട്ടാന്‍ പാര്‍ട്ടി പ്രവര്‍ത്തകരാകെ ഇനിയും രംഗത്ത് വരുമെന്നും സെക്രട്ടറിയറ്റ് വ്യക്‌തമാക്കി.








0 comments