സതീശന്റെ മണ്ഡലത്തിൽ ഡിവൈഎഫ്ഐ പ്രതിഷേധത്തിന് വിലക്ക്
പൊലീസ് വിലക്ക് തള്ളി പറവൂരിൽ യുവജന പ്രതിഷേധം ഇരമ്പി

പറവൂരിൽ നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Oct 02, 2026, 03:13 AM | 1 min read
പറവൂർ
പറവൂരിൽ ഡിവൈഎഫ്ഐ പ്രതിഷേധത്തിന് വിലക്കേർപ്പെടുത്തി പൊലീസ്. എന്നാൽ വിലക്ക് തള്ളി രാത്രിയോടെ യുവാക്കളുടെ പ്രതിഷേധം ഇരന്പി. വി ഡി സതീശൻ സർക്കാരിന്റെ വിലക്ക് ലംഘിച്ച് പറവൂർ നഗരത്തിൽനടന്ന യുവജന പ്രതിഷേധത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.
തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ വേട്ടയിൽ പ്രതിഷേധിച്ച് വ്യാഴം വൈകിട്ട് പറവൂരിൽ നടത്താൻ നിശ്ചയിച്ച പ്രകടനം തുടങ്ങുന്നതിന് അൽപ്പസമയം മുന്പാണ് വിലക്കേർപ്പെടുത്തി പൊലീസ് നോട്ടീസ് നൽകിയത്. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള വിലക്കുണ്ടെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്. പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ ശക്തമായ പ്രതിഷേധമുയർന്നു. പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. മന്ത്രിമാരെ വഴിയിൽ തടഞ്ഞ് റോഡിലിറക്കിവിട്ട യുവമോർച്ചക്കാരെ തൊടാൻ പൊലീസിന് ധൈര്യമില്ലെന്നും പൊലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിയിൽ മുട്ടുമടക്കാൻ ഡിവൈഎഫ്ഐ തയ്യാറല്ലെന്നും നിഖിൽ ബാബു പറഞ്ഞു.
പറവൂർ ബ്ലോക്ക് പ്രസിഡന്റ് പി ആർ സജേഷ്-കുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ ടി അഖിൽദാസ്, പറവൂർ ബ്ലോക്ക് സെക്രട്ടറി സി ബി ആദർശ്, എസ്എഫ്ഐ എരിയ സെക്രട്ടറി മുഹമ്മദ് യാസിൻ എന്നിവർ സംസാരിച്ചു.
പ്രകടനത്തിന് അനുമതി നിഷേധിച്ച നടപടി അപലപനീയം: സിപിഐ എം
കൊച്ചി
മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരിൽ ഡിവൈഎഫ്ഐ നടത്താനിരുന്ന ജനാധിപത്യ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി അപലപനീയവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്. ക്രമസമാധാന പ്രശ്നങ്ങളും ഗതാഗതതടസ്സവും ഉണ്ടാകുമെന്ന് പറഞ്ഞാണ് നോർത്ത് പറവൂർ പൊലീസ് അനുമതി നിഷേധിച്ചത്.
ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന യുവജന പ്രസ്ഥാനങ്ങളെ വി ഡി സതീശൻ ഭയപ്പെടുകയാണ് എന്നതിന്റെ തെളിവാണിതെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എസ് സതീഷ് പ്രസ്താവനയില്‍ അറിയിച്ചു.







0 comments