Deshabhimani

പുത്തൻ തൊഴിൽ മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും

തൊഴിലാളിവർഗ രാഷ്‌ട്രീയത്തെ 
കൂടുതൽ ശക്തിപ്പെടുത്തും: എസ്‌ സതീഷ്‌

The CPI(M) extended district committee meeting concluded.

തൃപ്പൂണിത്തുറയിൽ സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി സമാപന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ

വെബ് ഡെസ്ക്

Published on Oct 02, 2026, 03:30 AM | 2 min read

കൊച്ചി


ജില്ലയുടെ സവിശേഷകരമായ സാഹചര്യത്തിൽ തൊഴിലാളിവർഗ രാഷ്‌ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


75 ശതമാനംപേരും നഗരത്തിലോ നഗരസ്വഭാവമുള്ള പ്രദേശത്തോ ജീവിക്കുന്നവരാണ്‌. അതുമായി ബന്ധപ്പെട്ടുള്ള പുതിയകാല വെല്ലുവിളികൾ വിപുലീകൃത ജില്ലാകമ്മിറ്റി യോഗം സൂക്ഷ്‌മമായി പരിശോധിച്ചു.


ആഗോളവൽക്കരണ നയംമൂലം ജില്ലയിലെ സുസംഘടിത വ്യവസായകേന്ദ്രങ്ങളിൽ തൊഴിലാളികളുടെ എണ്ണം നാമമാത്രമായി. അതുമൂലം തൊഴിലാളിവർഗ രാഷ്‌ട്രീയത്തിന്റെ പ്രചാരണ പരിപാടിയിൽ വലിയ ഇടിവുണ്ടായി. പരന്പരാഗത വ്യവസായമേഖലയിലും കാർഷികമേഖലയിലും സമാന സാഹചര്യമാണ്‌.


ഐടി മേഖല, ഗിഗ്‌ വർക്കർമാർ അടക്കമുള്ള പുത്തൻ തൊഴിൽ മേഖലകളിൽ ഫലപ്രദമായ തൊഴിലാളിവർഗ രാഷ്ട്രീയപ്രവർത്തനം നടത്താൻ സാധിക്കുന്നില്ല. അത്തരം തൊഴിൽ മേഖലകളിൽ എങ്ങിനെ നമ്മുടെ രാഷ്‌ട്രീയപ്രവർത്തനത്തെ ശക്തിപ്പെടുത്താമെന്നതും ചർച്ചയായി. അതിനായുള്ള നൂതന ആശയങ്ങൾ രൂപപ്പെടുത്താൻ ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളിലേയ്‌ക്ക്‌ നീങ്ങും. നഗരവൽക്കരിക്കപ്പെടുന്ന ജില്ല എന്ന നിലയിലുള്ള സൂക്ഷ്‌മമായ കാര്യങ്ങളും മധ്യവർഗത്തിന്റെ ആവശ്യങ്ങളും അവരുടെ പ്രശ്‌നങ്ങളും ചർച്ചചെയ്‌തു. അതിനെക്കുറിച്ച്‌ ശാസ്‌ത്രീയമായി പഠിച്ച്‌ റിപ്പോർട്ട്‌ തയ്യാറാക്കുമെന്നും എസ്‌ സതീഷ്‌ പറഞ്ഞു.


പുത്തൻ തൊഴിൽ മേഖലകളിൽ സവിശേഷ സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്‌. പുതിയ ലേബർ കോഡുകൾ വന്നതോടെ ഇ‍ൗ മേഖല കൂടുതൽ അസ്വസ്ഥമായി. നിമിഷനേരം എണ്ണൂറോളംപേരെ പിരിച്ചുവിട്ട കോറോ ഹെൽത്തിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്‌. തീരദേശ മേഖലയിലെ മത്സ്യത്തൊളിലാളികളുടെ ജീവിതപ്രശ്‌നം ഏറ്റെടുത്ത്‌ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടംവേലി ഫ്ലാറ്റ്‌ വിഷയത്തിൽ അവരുടെ ആവലാതികൾ പരിശോധിക്കണം. ഇത്തരം സാഹചര്യമുണ്ടായത്‌ എങ്ങിനെയെന്നത്‌ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.


ആറുമണിക്കൂർ നീണ്ട പൊതുചർച്ചയാണ്‌ വിപുലീകൃത ജില്ലാ കമ്മിറ്റിയിലുണ്ടായത്‌. ഒന്പത്‌ വനിതകൾ ഉൾപ്പെടെ 38 പേർ ചർച്ചയിൽ പങ്കെടുത്തെന്നും എസ്‌ സതീഷ്‌ പറഞ്ഞു.


ബിജെപിയുമായുള്ള സതീശന്റെ 
സമവാക്യം മാറാതിരിക്കാൻ: പി രാജീവ്‌


തൃപ്പൂണിത്തുറ


ആർഎസ്‌എസുമായും കേന്ദ്രസർക്കാരുമായുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ സമവാക്യം മാറാതിരിക്കാനാണ്‌ തിരുവനന്തപുരത്ത്‌ യൂണിവേഴ്‌സിറ്റി ഹോസ്‌റ്റലിൽ ബോധപൂർവമായ ആക്രമണം പൊലീസിനെയും കെഎസ്‌യുവിനെയും ഉപയോഗിച്ച്‌ നടത്തിയതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌ പറഞ്ഞു. ബിജെപിയുമായുള്ള ഐക്യം തകരുന്നത്‌ സതീശന്‌ ഉൾക്കിടിലമുണ്ടാക്കുന്നു. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കും ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയാണ്‌ വി ഡി സതീശൻ. മോദി പറഞ്ഞാൽ ഗണഗീതം പാടാൻ തയ്യാറായി നിൽക്കുന്ന മുഖ്യമന്ത്രിയാണിന്ന്‌ കേരളത്തിലുള്ളത്‌. സതീശന്‌ എതിരെ അതിശക്തമായ വിമർശമാണ്‌ യുഡിഎഫ്‌ കൺവീനർ അടൂർ പ്രകാശ്‌ ഉയർത്തിയത്‌. കേന്ദ്രആഭ്യന്തര മന്ത്രിയായ അമിത്‌ഷായെ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി കാണിച്ചതുമുതൽ സതീശന്‌ ഉറക്കം പോയി. കരിങ്കൊടി കാണിക്കുന്നത്‌ സതീശൻ അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം അമിത്‌ ഷായ്‌ക്ക്‌ പൂമാല നൽകുമായിരുന്നു. ഇവിടെ ശരിക്കും ഭരിക്കുന്നത്‌ ആർഎസ്‌എസ്‌, ബിജെപി താൽപര്യമാണ്‌– രാജീവ്‌ പറഞ്ഞു.


യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തവർ 
വഞ്ചിതരായെന്ന്‌ തിരിച്ചറിയുന്നു: എം സ്വരാജ്‌


കൊച്ചി


യുഡിഎഫിന്‌ വോട്ട്‌ ചെയ്‌തവർ വഞ്ചിതരായെന്ന്‌ തിരിച്ചറിഞ്ഞതിന്റെ സൂചനയാണ്‌ ഉപതെരഞ്ഞെടുപ്പ്‌ ഫലമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്‌ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌ 38 ഇടങ്ങളിലാണ്‌. ഇത്രയും വാർഡുകളിൽ 2025ൽ എൽഡിഎഫിനേക്കാൾ 3,346 വോട്ട്‌ യുഡിഎഫിന്‌ കൂടുതൽ കിട്ടിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ 12,291 വോട്ടിന്റെ ലീഡ്‌ എൽഡിഎഫ്‌ നേടി. സ്വന്തം ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട്‌ ചെയ്‌തവരുടെ അഭിപ്രായങ്ങൾ മാറുകയാണ്‌– സ്വരാജ്‌ പറഞ്ഞു. സിപിഐ എം എറണാകുളം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നാലുമാസം പ്രായമുള്ള സർക്കാർ കേരളത്തിന്റെ എല്ലാ നന്മകളും വികസന–ക്ഷേമ പദ്ധതികളും തകർക്കുകയാണ്‌. മാറ്റത്തിനുവേണ്ടി വോട്ട്‌ ചെയ്‌തവർ ഇത്ര വലിയ മാറ്റമുണ്ടാകുമെന്ന്‌ കരുതിക്കാണില്ല. പുറത്തുപറയാൻ കൊള്ളാത്ത, കുത്തക കോടിശ്വരൻമാരും തട്ടിപ്പുകാരും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്‌പോൺസർ ചെയ്യുന്നുവെന്ന്‌ പകൽപോലെ വ്യക്തമാണ്‌. വോട്ട്‌ ചെയ്‌ത്‌ അധികാരത്തിലേറ്റിയ ജനങ്ങളെ നാലുമാസത്തിനുള്ളിൽ ഇത്രമാത്രം വെറുപ്പിച്ച സർക്കാരില്ല– സ്വരാജ്‌ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home