തദ്ദേശവകുപ്പിൽ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

തദ്ദേശവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധം പി ഡി സാജൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തദ്ദേശവകുപ്പിലെ മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ക്കെതിരെ കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള തദ്ദേശവകുപ്പ് എറണാകുളം ജോയിന്റ് ഡയറക്ടർ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സാജൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ, ജില്ലാ വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ, എ സി ഗിരിജ, വി പ്രേം, ജി പ്രശാന്ത്, എ കെ പ്രബൽ എന്നിവർ സംസാരിച്ചു.
ജൂനിയർ സൂപ്രണ്ട്, അസിസ്റ്റന്റ് സെക്രട്ടറി, സീനിയർ ക്ലർക്ക് തസ്തികകളിലായി നാലു ഉത്തരവുകളിലൂടെ 413 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. വിരമിക്കാൻ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ജീവനക്കാരെപ്പോലും വിദൂര ജില്ലകളിലേക്കും യാത്രാക്ലേശം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്കും സ്ഥലംമാറ്റി. സ്ഥലംമാറ്റങ്ങളിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്നും അന്യായമായ ഉത്തരവുകൾ പിൻവലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.








0 comments