നാട് നാഥനില്ലാക്കളരി
print edition വീഴ്ചകൾ മറയ്‌ക്കാൻ ആക്രമണം

പ്രത്യേക ലേഖകൻ
Published on Oct 02, 2026, 01:59 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സമ്പൂർണ പരാജയത്തിന്റെ ജാള്യം മറയ്‌ക്കാനും സ്വകാര്യ സ്‌പോൺസർഷിപ്പിൽ നാടുചുറ്റുന്ന മന്ത്രിമാരെ സംരക്ഷിക്കാനുമായാണ് തലസ്ഥാന നഗരിയിൽ യൂത്ത് കോൺഗ്രസുകാർ ആക്രമണം അഴിച്ചുവിട്ടത്. കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്കുള്ള ആസൂത്രിത ആക്രമണത്തിന് പിന്നിൽ മന്ത്രി ഒ ജെ ജനീഷും ഷാഫി പറമ്പിൽ എംപിയുമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ബിജെപിക്കാർ ദിവസങ്ങളായി മന്ത്രിമാരെ തടയുന്നുണ്ടെങ്കിലും ഒരു പെറ്റിക്കേസ് പോലും സർക്കാർ ഇതുവരെ എടുത്തിട്ടില്ല. ബുധനാഴ്‌ച വാൻറോസ് ജങ്‌ഷനിൽ മന്ത്രി കെ എം ഷാജിയുടെ കാർ തടഞ്ഞു. ഓട്ടോറിക്ഷയിൽ കയറിപ്പോകാൻ പോലും സമ്മതിച്ചില്ല. എന്നാൽ ഇൗ വിഷയത്തിൽ പോലും ബിജെപിക്കാർക്ക് എതിരെ കേസെടുക്കാൻ മടിക്കുകയാണ് യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇൗ വിഷയത്തിൽ ബിജെപിക്കെതിരെ ഒരക്ഷരം പ്രതികരിച്ചില്ല. കോൺഗ്രസ്–ബിജെപി ഡീലിന്റെ തുടർച്ചയാണിതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരിന്റെ പിടിപ്പുകേടിനെതിരെയും ബിജെപി ബന്ധത്തിനെതിരെയും ജനരോഷം പുകയുകയാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം. വിവിധ സർവകലാശാലകളിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലും സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിലും എസ്‌എഫ്‌ഐക്കും വൻവിജയമുണ്ടായി. ഇൗ അന്തരീക്ഷം മാറ്റിയെടുക്കാനാണ് പൊലീസിന്റെ ഒത്താശയോടെയുള്ള ആക്രമണം.
ആദ്യമുണ്ടായ തർക്കം അവസാനിപ്പിച്ച് പോയശേഷം വീണ്ടും മടങ്ങിവന്ന് യൂത്ത് കോൺഗ്രസുകാർ ഹോസ്റ്റലിലേക്ക് തീപ്പന്തങ്ങളും കല്ലും കുപ്പിയും എറിഞ്ഞതാണ് സംഘർഷം രൂക്ഷമാക്കിയത്. അതെന്തിനെന്ന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളാരും വ്യക്തമാക്കിയിട്ടില്ല.
ഷാഫി പറമ്പിലിന്റെ വരവും സംശയാസ്‌പദമാണ്. കോളേജ് ഹോസ്റ്റലിന് മുന്നിൽ നിന്ന് പ്രകടനം ആരംഭിച്ചതും അസാധാരണ നീക്കമായിരുന്നു. പ്രത്യേകം നിയോഗിച്ചതുപോലെ കന്റോൺമെന്റ് എസ്‌ഐ ഹോസ്റ്റൽ കവാടത്തിൽ കയറി കുട്ടികളെ പൊതിരെ തല്ലിയതും യാദൃച്ഛികമല്ല.









0 comments