Deshabhimani

print edition കോൺഗ്രസ്‌ ഇരട്ടത്താപ്പ്‌ പ്രതിപക്ഷ മുന്നേറ്റത്തെ ദുർബലമാക്കും: പ്രകാശ്‌ കാരാട്ട്‌

karatt

കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം തലശേരിയിൽ സിപിഐ എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 02, 2026, 01:55 AM | 1 min read

തലശേരി: രാഷ്‌ട്രീയ പകപോക്കലിന്‌ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നതടക്കമുള്ള മോദിസർക്കാർ നയങ്ങളോട്‌ കോൺഗ്രസ്‌ സ്വീകരിക്കുന്ന ഇരട്ടത്താപ്പ്‌ രാജ്യത്തെ പ്രതിപക്ഷ മുന്നേറ്റത്തെ ദുർബലമാക്കുമെന്ന്‌ സിപിഐ എം മുൻ ജനറൽ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.


സ്വന്തം നേതാക്കൾക്കെതിരെ വരുന്പോൾ ഇഡിയെ എതിർക്കുകയും മറ്റു പാർടികൾക്കെതിരെയാകുന്പോൾ സ്വാഗതംചെയ്യുകയും ചെയ്യുന്ന നിലപാടാണ്‌ കോൺഗ്രസിന്റേത്‌. കേരളത്തിൽ ഇഡിയെ ക്ഷണിക്കുകയും ഡൽഹിയിൽ ഇഡിക്കെതിരെ സമരം നടത്തുകയും ചെയ്യുന്ന പാർടിയാണ്‌ കോൺഗ്രസ്‌. കോടിയേരി ബാലകൃഷ്‌ണൻ ചരമദിനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം തലശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ഉപകരണമായി ഇഡിയും സിബിഐയും ആദായനികുതിവകുപ്പും മോദിഭരണത്തിൽ മാറി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളും ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ദ്‌ സോറനുമെല്ലാം കേന്ദ്ര ഏജൻസികളുടെ നിയമവിരുദ്ധ നടപടികളുടെ ഇരകളാണ്‌. ഇഡിയുടെ നിയമ നടപടി നേരിടുന്നവരാണ്‌ രാജ്യത്തെ 25ലേറെ കോൺഗ്രസ്‌ നേതാക്കൾ. രാഹുൽഗാന്ധിക്കെതിരെ നടപടി വന്നപ്പോൾ ഇഡി ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തുകയാണ്‌ കോൺഗ്രസ്‌ ചെയ്‌തത്‌. കേരളത്തിലാകട്ടെ, കോൺഗ്രസ്‌ നേതൃത്വം ഇഡിയെ ക്ഷണിച്ച്‌ പിണറായിയെ അറസ്‌റ്റുചെയ്‌തു ജയിലിലടക്കണമെന്ന്‌ ആവശ്യപ്പെടുന്നു.


അടിയന്തരാവസ്ഥയിൽ ഭീകര മർദനവും ജയിൽവാസവും അനുഭവിച്ച നേതാവാണ്‌ പിണറായി വിജയൻ. ഇത്തരത്തിലുള്ള പല അടിച്ചമർത്തലുകളും കടന്നാക്രമണങ്ങളും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം നേരിട്ടിട്ടുണ്ട്‌. രാജ്യത്തെവിടെയയാലും ഇടതുപക്ഷത്തിന്‌ ഇത്തരം കാര്യങ്ങളിൽ സ്ഥായിയായ നിലപാടുണ്ട്‌. രാഹുൽഗാന്ധി വോട്ട്‌ ചോരി എന്ന മുദ്രാവാക്യമുയർത്തി എസ്‌ഐആറിനെതിരെ നീങ്ങുന്പോൾ കേരളത്തിൽ എസ്‌ഐആറിന്‌ അനുകൂല നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചത്‌.


ചീഫ്‌ ഇലക്ഷൻ കമീഷണർ ഗ്യാനേഷ്‌കുമാറിനെ നീക്കണമെന്നും എസ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ രാജ്യത്തെ പ്രതിപക്ഷമാകെ യോജിച്ച്‌ മുന്നോട്ടുവരികയാണ്‌. തീവ്ര വോട്ടർപ്പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബംഗാളിൽമാത്രം 27 ലക്ഷം വോട്ടർമാരെയാണ്‌ പട്ടികയിൽനിന്ന്‌ നീക്കിയത്‌.


മികച്ച സംഘാടകനും ഭരണാധികാരിയും ഉജ്വലനായ വാഗ്‌മിയുമായിരുന്നു കോടിയേരിയെന്ന്‌ പ്രകാശ്‌ കാരാട്ട്‌ അനുസ്‌മരിച്ചു. നാലര പതിറ്റാണ്ടുകാലം കോടിയേരിയുമായി ഒന്നിച്ച്‌ പ്രവർത്തിക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home