ഹോസ്റ്റൽ തുറന്നുകൊടുക്കുന്നില്ല മെഡി. വിദ്യാർഥിനികൾ ദുരിതത്തിൽ


സ്വന്തം ലേഖകൻ
Published on Oct 02, 2026, 01:03 AM | 1 min read
കോഴിക്കോട്
നിർമാണം പൂർത്തിയായിട്ടും ഗവ. മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ തുറന്നുകൊടുക്കാത്തത് മെഡിക്കൽ വിദ്യാർഥിനികളെ ദുരിതത്തിലാക്കുന്നു. മുന്നൂറോളം പെൺകുട്ടികളാണ് ഹോസ്റ്റൽ കിട്ടാതെ വലയുന്നത്. 50 പെൺകുട്ടികൾ പുറത്ത് ഉയർന്ന വാടകയ്ക്ക് താമസിക്കുകയോ അകലെയുള്ള വീട്ടിൽ പോയിവരികയോ ആണ്. ഫർണിച്ചറുകൾ വാങ്ങാൻ കഴിഞ്ഞ മേയിൽ അയച്ച ഫയലിന് അനുമതി കൊടുക്കാത്ത സർക്കാർ അനാസ്ഥയാണ് ഹോസ്‌റ്റൽ തുറക്കുന്നതിന് തടസ്സമാകുന്നത്. ഒന്നാംവർഷ വിദ്യാർഥികളെ താമസിപ്പിക്കാനായി രണ്ടാംവർഷക്കാരെ ഹോസ്റ്റലിൽനിന്ന് ഒഴിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചിരിക്കയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് മൂന്ന് ഹോസ്റ്റലുകളും ഒരുഹൗസ് സർജൻ ഫ്ലാറ്റും നിർമിച്ചിരുന്നു. ഒരുഹോസ്റ്റൽ ഒഴികെ ബാക്കിയെല്ലാം പണി പൂർത്തിയായതാണ്. 14 കോടി രൂപ ചെലവിൽ 7 നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നുനിലകളും ഏഴുനിലകളിലായി 8.4 കോടി ചെലവിൽ നിർമിച്ച രണ്ടാമത്തെ ഹോസ്റ്റലിന്റെ രണ്ടുനിലകളും പ്രവർത്തന സജ്ജമാണ്. പെയിന്റിങ്ങാണ് ശേഷിക്കുന്നത്. മൂന്ന് കോടിക്ക് നിർമിച്ച 23 മുറികളുള്ള പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിൽ ഫർണിച്ചറുകൾ മാത്രമാണ് ലഭിക്കാനുള്ളത്.
വിദ്യാർഥികളിൽനിന്ന് സമാഹരിച്ച 9 കോടിയോളം രൂപ പിഡി ഫണ്ടായുണ്ട്. ഇതിൽനിന്ന് 60 ലക്ഷം ചെലവിട്ടാണ് ഫർണിച്ചർ വാങ്ങേണ്ടത്. പ്രിൻസിപ്പലിന് മൂന്ന് ലക്ഷം രൂപ വരെയേ അനുവദിക്കാനാവൂ എന്നതിനാലാണ് സർക്കാറിന്റെ അനുമതിക്കായി അയച്ചത്. ഡിഎംഇ ഓഫീസിൽ കിടന്ന ഫയൽ വിദ്യാർഥികൾ നിരന്തരം ഇടപെട്ടതിനാൽ സെക്രട്ടറിയറ്റിൽ എത്തിയെങ്കിലും പിന്നീട് അനങ്ങിയിട്ടില്ല. മെഡിക്കൽ കോളേജിൽനിന്ന് നിരവധി തവണ ഓർമിപ്പിച്ച് കത്തയച്ചെങ്കിലും ഫലമുണ്ടായില്ല. ബോയ്സ് ഹോസ്റ്റൽകൂടി തുറന്നാൽ ആൺകുട്ടികൾ പുതിയ ഹോസ്റ്റലിലേക്ക് മാറുന്നതോടെ പഴയ ഹോസ്റ്റൽ പെൺകുട്ടികൾക്കായി ഉപയോഗിക്കാനാകും.








0 comments