സിപിഐ എം പ്രക്ഷോഭം ഫലം കണ്ടു
കുളത്തൂപ്പുഴയില്‍ ആർആർടി ഓഫീസ് പുനഃസ്ഥാപിച്ചു

അഞ്ചൽ
സിപിഐ എം നയിച്ച തുടർച്ചയായ പ്രക്ഷോഭം ഫലംകണ്ടു. കുളത്തൂപ്പുഴയിൽ നിർത്തിവച്ച ആർആർടി സേവനം പുനഃസ്ഥാപിച്ചു. ഇതിന്റെ ഭാഗമായി ഭാരതീപുരത്തെ ആർആർടി ഓഫീസ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. നിരന്തരമായി വന്യജീവി ആക്രമണം നേരിടുന്ന കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, ചോഴിയക്കോട്, ഏരൂർ, വിളക്കുപാറ പ്രദേശങ്ങളിൽ അടിയന്തര ഘട്ടങ്ങളിൽ ആർആർടി സേവനം ലഭ്യമാക്കേണ്ടതുണ്ട്. വന്യമൃഗങ്ങളെ തുരത്തുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഭാരതീപുരത്ത് ആർആർടി ഓഫീസ് സ്ഥാപിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓഫീസ് പ്രവർത്തനം നിർത്തിവയ്‌പിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും പ്രതിഷേധം ഉയര്‍ന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായില്ല. വന്യജീവികള്‍ മനുഷ്യരെ നിരന്തരം അക്രമിക്കാന്‍ തുടങ്ങി. കുളത്തൂപ്പുഴയിൽ വയോധികൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. ആർആർടി ഓഫീസ് എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം അനവധി പ്രക്ഷോഭം സംഘടിപ്പിച്ചു. കുളത്തൂപ്പുഴ വനം റേഞ്ച് ഓഫീസിലേക്കും ഭാരതീപുരം ആർആർടി ഓഫീസിലേക്കും മാർച്ച് നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ആർആർടി ഓഫീസ് പുനഃസ്ഥാപിക്കും വരെ സമരം തുടരുമെന്നും സിപിഐ എം ആവർത്തിച്ചു. പ്രദേശവാസികളെ കൂട്ടിച്ചേർത്ത് സിപിഐ എം നടത്തിയ സമരഫലമായാണ് ആർആർടി ഓഫീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്.








0 comments