ഉത്തര - ദക്ഷിണ കൊറിയയിൽ അതിരൂക്ഷ ഉഷ്ണതരംഗം; റെക്കോഡ് താപനില

സിയോളിൽ തണുപ്പ് കുറയ്ക്കാൻ വെള്ളം തളിക്കുന്ന തെരുവിലൂടെ നടന്നുപോകുന്നയാൾ | Photo by JUNG YEON-JE / AFP
സിയോൾ : കൊറിയൻ ഉപദ്വീപിൽ റെക്കോഡ് ഉഷ്ണതരംഗം പടരുന്നതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലും ഉത്തര കൊറിയയിലും താപനില കുതിച്ചുയരുകയാണ്. കൊടും ചൂട് ദൈനംദിന ജീവിതത്തെ ദുസഹമാക്കുന്ന സ്ഥിതിയാണുള്ളത്. അസഹനീയ ചൂട് കാരണം ജനങ്ങൾ കൂളിംഗ് ഷെൽട്ടറുകളിലും ബീച്ചുകളിലും വാട്ടർ പാർക്കുകളിലും അഭയം തേടുകയാണ്.
ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ ഭാഗത്താണ് അതിശക്തമായ താപനില അനുഭവപ്പെടുന്നത്. തിങ്കളാഴ്ചയോടെ അതികഠിനമായ ചൂട് സിയോൾ മെട്രോപൊളിറ്റൻ പ്രദേശത്തേക്കും മറ്റു പടിഞ്ഞാറൻ ഭാഗത്തേക്കും വ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുകയാണ്. പ്യോങ്സാങ്ങിൽ തുടർച്ചയായ അഞ്ചാമത്തെ രാത്രിയും കടുത്ത ഉഷ്ണമാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച യാങ്സാനിൽ താപനില 42.5 ഡിഗ്രി സെൽഷ്യസെത്തി. 122 വർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണിത്.
ഈ ആഴ്ച ദക്ഷിണ കൊറിയയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. രാത്രികളിൽ ഉഷ്ണതരംഗം തുടരാൻ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മെയ് പകുതി മുതൽ ഇതുവരെ ഉഷ്ണതരംഗത്തെ തുടർന്ന് 14 പേർ മരിച്ചതായും 1889 പേർക്ക് ചൂട് കാരണമുള്ള അസുഖങ്ങൾ പിടിപ്പെട്ടതായും കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കൊറിയ ബേസ്ബോൾ ഓർഗനൈസേഷൻ ബുസാനിലും ഷാങ്‌വോണിലും നടത്താനിരുന്ന മത്സരങ്ങൾ റദ്ദാക്കി. ബീച്ചുകൾ, വാട്ടർ പാർക്കുകൾ, നദീതീര വിനോദ മേഖലകൾ എന്നിവിടങ്ങളിൽ തിരക്കേറുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തരകൊറിയയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗത്തും അതിശക്തമായ താപനില തുടരുകയാണ്. ഉഷ്ണതരംഗ മുന്നറിയിപ്പ് ഈ ആഴ്ച മുഴുവൻ നിലനിൽക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതികഠിനമായ ചൂടിനെ മറികടക്കാൻ ജൂലൈയിൽ പതിനായിരക്കണക്കിന് ആളുകളാണ് വോൺസാൻ കൽമ തീരദേശത്തെ ടൂറിസ്റ്റ് സോൺ സന്ദർശിച്ചതെന്നും റിപ്പോർട്ടുണ്ട്.









0 comments