ഇറാന്‍ യുദ്ധത്തിലെ പങ്കാളിത്തത്തിന് ; ട്രംപിനെ പരിഹസിച്ച് ന്യൂയോര്‍ക്കില്‍ പത്ത് അടി ഉയരമുള്ള ട്രോഫി

ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങളെ പരിഹസിച്ച് മാൻഹട്ടണിലെ ഫോളി സ്ക്വയറിൽ ഒരു കൂറ്റൻ ട്രോഫി പ്രത്യക്ഷപ്പെട്ടു. പത്ത് അടി ഉയരമുള്ള ട്രോഫിയാണ് സ്ഥാപിച്ചിരിക്കുന്നത്.
സീക്രട്ട് ഹാൻഷേക്ക് എന്ന ആർട്ട് കളക്ടീവാണ് ട്രോഫി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രോഫിക്ക് ചുവടെ സ്ഥാപിച്ചിരിക്കുന്ന ഫലകത്തിലെ വാചകങ്ങളിൽ ട്രംപിന്റെ സമീപനങ്ങൾ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യൻഷിപ്പ് ബെൽറ്റ് ഉൾപ്പെടെ വിവിധ വസ്തുക്കൾ കൊണ്ടാണ് ഈ ട്രോഫി അലങ്കരിച്ചിരിക്കുന്നത്. ട്രോഫിക്ക് കീഴിലുള്ള ഫലകത്തിൽ ഇറാൻ യുദ്ധത്തിലെ ആവേശകരമായ പങ്കാളിത്തത്തിന് ട്രംപിന് ട്രോഫി സമ്മാനിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 13ന് വാഷിങ്ടൺ ഡിസിയിലെ നാഷണൽ മാളിൽ പ്രദർശിപ്പിച്ച ട്രോഫി, 2024 ൽ ഹഷ് മണിയുമായി ബന്ധപ്പെട്ട് ട്രംപ് വിചാരണ നേരിട്ട മാൻഹട്ടണിലെ കോടതിക്ക് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്.
യുദ്ധത്തിന്റെ അന്തിമ ഫലമോ സൈനിക തന്ത്രങ്ങളോ ഒന്നും നോക്കാതെ ഏത് വിധേനയും യുദ്ധത്തിൽ ഭാഗമാകാനുള്ള ആർജവം ട്രംപ് കാട്ടിയെന്നാണ് ഫലകത്തിലുള്ളത്. കാര്യമായ നേട്ടങ്ങളൊന്നും പ്രസിഡന്റിന് പറയാനില്ലെങ്കിലും ജനങ്ങൾക്ക് എന്ത് വേണമെങ്കിലും ഇവിടെ സംഭാവന ചെയ്യാം. ട്രംപിനായി കൂടുതൽ ഫലകങ്ങൾ നിങ്ങൾക്ക് ഇവിടെ ഉപേക്ഷിക്കാം. തങ്ങളുടെ സംഭാവനകൾ ട്രോഫീസ് ഫോർ ട്രംപ് എന്ന ഹാഷ്ടാഗോട് കൂടി സോഷ്യൽ മീഡിയയിലും പങ്കുവെയ്ക്കാം, ഫലകത്തിൽ കുറിച്ചിരിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഈ ആഴ്ച മുഴവൻ ട്രോഫി ജനങ്ങൾക്കായി പ്രദർശിപ്പിക്കും.










0 comments