കേരളത്തോട് കൊടിയ വഞ്ചന; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇനിയില്ല; ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: 14 വർഷം മുൻപ് തറക്കല്ലിട്ട്, കേരളത്തിന്റെ വ്യവസായ വികസനത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചെന്ന് കേന്ദ്രസർക്കാർ. രാജ്യത്ത് പുതിയ കോച്ച് ഫാക്ടറികൾ ആവശ്യമില്ലെന്ന ന്യായീകരണമാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമായി കേന്ദ്രം പറയുന്നത്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് മറുപടി നൽകിയത്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഇന്ത്യൻ റെയിൽവെയുടെ ഭാവി വികസനത്തിന് ഉപയോഗിക്കാൻ മാറ്റിവെക്കുമെന്നും റെയിൽവെമന്ത്രി പറഞ്ഞു.
നിലവിലുള്ള കോച്ച് ഫാക്ടറികൾ റെയിൽവെയുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ്. അതിനാൽ പുതിയതിന്റെ ആവശ്യമില്ലെന്ന് കേന്ദ്രം പറയുന്നു.
കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയോട് മാറിവന്ന കേന്ദ്ര സർക്കാരുകളുടെ കൊടിയ വഞ്ചനയാണ് കാട്ടിയത്. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസും ബിജെപിയുമെല്ലാം രാഷ്ട്രീയ മുതലെടുപ്പിനായി പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. കഞ്ചിക്കോടിനൊപ്പം പ്രഖ്യാപിച്ച റായ്‌ബറേലിയിലും പിന്നീട് പ്രഖ്യാപിച്ച ബംഗാളിലെ കാഞ്ചപ്രയിലും ഹരിയാനയിലെ സോനിപത്തിലും കോച്ച് ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്.
1982-ൽ കോട്ടമൈതാനത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കോച്ച് ഫാക്ടറി പ്ദ്ധതി വാഗ്‌ദാനം നൽതിയത്. ഇടതുപക്ഷ പിന്തുണയോടെ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് വീണ്ടും ചർച്ചയായത്. പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപീകരിക്കുന്നതിന് പ്രത്യുപകാരമായി കോച്ച് ഫാക്ടറി തരാമെന്ന് കേന്ദ്രം വാഗ്‌ദാനം നൽകി. 2008ലെ റെയിൽവേ ബജറ്റിൽ പാലക്കാടും റായ്‌ബറേലിയിലും കോച്ച് ഫാക്ടറികൾ പ്രഖ്യാപിച്ചു.
വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ 239 ഏക്കർ സ്ഥലം കഞ്ചിക്കോട് ഏറ്റെടുത്തുനൽകി. പിറവം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 2012ൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫെബ്രുവരി 21ന് അന്നത്തെ റെയിൽവേ മന്ത്രി ദിനേഷ്ത്രിവേദിയെ കൊണ്ടുവന്ന് പാലക്കാട് കോട്ടമൈതാനത്ത് തറക്കല്ലിട്ടു. ഇന്ന് കല്ലുപോലും കാണാനില്ല. പാലക്കാടിന്റെ എംപിയായിരുന്ന എം ബി രാജേഷ് മുൻകൈയെടുത്ത് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡുമായി(സെയിൽ) ചർച്ചനടത്തി സംയുക്ത സംരംഭത്തിന് ശ്രമിച്ചു. കഞ്ചിക്കോട്ടെ പൊതുമേഖലാ സ്ഥാപനമായ ബെമലും റെയിൽവേയുംചേർന്ന് കോച്ച് ഫാക്ടറി ആരംഭിക്കാനുള്ള വിശദമായ പദ്ധതി റിപ്പോർട്ടും സമർപ്പിച്ചിരുന്നു.










0 comments