ആർടിഐ പോർട്ടൽ സാങ്കേതിക തകരാറിന് പരിഹാരം കാണാതെ സർക്കാർ

നിലമ്പൂർ: സർക്കാർ ആർടിഐ പോർട്ടൽ സാങ്കേതിക തകരാറിന് പരിഹാരം കാണാതെ സർക്കാർ. പുതിയ വിവരാവകാശ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാത്തതിനാൽ നിരവധി അപേക്ഷകർ നിയമം ഉറപ്പുനൽകുന്ന അവകാശം പ്രയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വിവരാവകാശ നിയമപ്രകാരം സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും ഓൺലൈനായി അപേക്ഷ നൽകുന്നതിനുള്ള പ്രധാന സംവിധാനമാണ് ആർടിഐ പോർട്ടൽ. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി അപേക്ഷ സമർപ്പിക്കാൻ ശ്രമിക്കുമ്പോൾ പോർട്ടൽ നടപടിക്രമം പൂർത്തിയാക്കാനാകുന്നില്ല. അപേക്ഷയുടെ അവസാന ഘട്ടത്തിൽ സബ്മിറ്റ് ചെയ്താലും അപേക്ഷ രജിസ്റ്റർ ചെയ്യപ്പെടുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. പല തവണ ശ്രമിച്ചിട്ടും അപേക്ഷ വിജയകരമായി സമർപ്പിക്കാൻ കഴിയാത്തതിനാൽ നിരവധി പേരാണ് പ്രയാസം നേരിടുന്നത്.
നേരത്തെ സമർപ്പിച്ച അപേക്ഷകളുടെ വിവരങ്ങൾ പരിശോധിക്കാനും അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാനും കഴിയുന്നുണ്ട്. പുതിയ അപേക്ഷകൾ സമർപ്പിക്കുന്ന സംവിധാനം മാത്രമാണ് പ്രവർത്തനരഹിതമായിരിക്കുന്നത്. ഇതോടെ വിവരാവകാശ നിയമം വഴി അടിയന്തരമായി വിവരങ്ങൾ തേടേണ്ട നിരവധി പേർക്ക് അപേക്ഷ നൽകാൻ കഴിയാത്ത സാഹചര്യമാണ്. പൊതുവിവര ഓഫീസർമാർ നൽകിയ തീരുമാനത്തിനെതിരെ നിയമം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഒന്നാം അപ്പീലും തുടർന്ന് രണ്ടാം അപ്പീലും സമർപ്പിക്കേണ്ടവരാണ് വലിയ പ്രതിസന്ധിയനുഭവിക്കുന്നത്. പുതിയ അപേക്ഷകൾ പോലെ തന്നെ അപ്പീലുകളും പോർട്ടലിലൂടെ സമർപ്പിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. സാങ്കേതിക തകരാർ മൂലം സമയപരിധി നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്ന ചോദ്യവും അപേക്ഷകർ ഉയർത്തുന്നു.
സാങ്കേതിക തകരാർ സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും സഹായം തേടാനുമുള്ള കാര്യക്ഷമമായ സംവിധാനം പോർട്ടലിലില്ലെന്നതും ഉപയോക്താക്കളുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തര സഹായത്തിനുള്ള ഹെൽപ്‌ലൈൻ ഫോൺ നമ്പർ ലഭ്യമല്ല. ഇ-മെയിൽ വിലാസം മാത്രമാണ് നൽകിയിട്ടുള്ളത്. എന്നാൽ അവിടേക്ക് അയക്കുന്ന പരാതികൾക്ക് ഉടൻ പ്രതികരണം ലഭിക്കുന്നില്ലെന്നാണ് അപേക്ഷകരുടെ ആരോപണം. ഇതോടെ പ്രശ്നം നേരിടുന്നവർ ആരെ സമീപിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
ഡിജിറ്റൽ ഭരണസംവിധാനവും ഇ-ഗവേണൻസും ശക്തിപ്പെടുത്തുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ വിവരാവകാശം ഉറപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഓൺലൈൻ സേവനങ്ങളിലൊന്നായ ആർടിഐ പോർട്ടൽ രണ്ട് ദിവസമായി തകരാറിലായിട്ടും പ്രശ്നം പരിഹരിക്കപ്പെടാത്തത് ഭരണപരമായ വീഴ്ചയാണെന്ന വിമർശനം ശക്തമാണ്. പോർട്ടലിൽ സാങ്കേതിക തകരാർ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പോ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമയക്രമമോ ഉപയോക്താക്കൾക്ക് സ്വീകരിക്കാവുന്ന ബദൽ മാർഗങ്ങളോ വ്യക്തമാക്കിയിട്ടില്ലെന്നും അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക തകരാർ അടിയന്തരമായി പരിഹരിച്ച് ആർടിഐ പോർട്ടൽ പൂർണമായി പ്രവർത്തനസജ്ജമാക്കണമെന്നും തകരാർ കാരണം അപേക്ഷയോ അപ്പീലോ സമർപ്പിക്കാൻ കഴിയാതെ സമയപരിധി നഷ്ടപ്പെടുന്നവർക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്നും പരാതികൾ സ്വീകരിക്കാൻ പ്രത്യേക ഹെൽപ്‌ലൈൻ നമ്പറും സാങ്കേതിക സഹായ കേന്ദ്രവും ആരംഭിക്കണമെന്നും വിവരാവകാശ പ്രവർത്തകരും അപേക്ഷകരും ആവശ്യപ്പെട്ടു.










0 comments