മുഖം അടിച്ചുതകർത്തു, സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി; ക്രൂരപീഡനത്തിനിരയായി പതിനഞ്ചുകാരി കൊല്ലപ്പെട്ടു

ഗുവാഹത്തി: അസമിൽ വീട്ടിനുള്ളിൽ ക്രൂരപീഡനത്തിനിരയായി പതിനഞ്ചുവയസുകാരി കൊല്ലപ്പെട്ടു. ഹൈലകാണ്ഡി ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മുഖം അടിച്ചുതകർക്കുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ വ്യാപക പ്രതിഷേധം ഉയർത്തി. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അസമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന നിർണായക പാതയായ ദേശീയപാത ഉപരോധിച്ചു.
ചൊവ്വ രാത്രി പതിനൊന്നരയോടെ കത്‍ലിചെറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിലാണ് ക്രൂരകൃത്യം നടന്നത്. സംഭവസമയം പെൺകുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സമീപത്തുള്ള ബന്ധുവിന്റെ വീട്ടിലെ വിരുന്നിലായിരുന്നു മാതാപിതാക്കൾ. രാത്രി വൈകി കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോഴാണ് പെൺകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ തലയും മുഖവും തിരിച്ചറിയാൻ കഴിയാത്തവിധം ക്രൂരമായി അടിച്ചുതകർത്ത നിലയിലായിരുന്നുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടോ എന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് മുമ്പ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി കുടുംബം ആരോപിച്ചിട്ടുണ്ടെന്നും എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അമിതാഭ് സിൻഹ പറഞ്ഞു.
സംശയത്തിന്റെ പേരിൽ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.










0 comments