ad
Deshabhimani

സംസ്ഥാനത്ത് മഴ തുടരുന്നു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Rain Alert
വെബ് ഡെസ്ക്

Published on Aug 03, 2026, 06:49 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാലും തുടർന്നും മഴ പ്രതീക്ഷിക്കുന്നതിനാലും വിവിധ ജില്ലകളിൽ നാളെ, ചൊവ്വാഴ്ച (04/08/2026) വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ ഇടുക്കി, വയനാട് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായിരിക്കും നാളെ അവധി.


കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ് അവധിയായിരിക്കും. എന്നാൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് ഈ അവധി ബാധകമല്ല.


കനത്ത മഴ തുടരുന്നതിനാലും പ്രളയബാധിത മേഖലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ല കലക്ടർ അറിയിച്ചു.


ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കും. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല.


ശക്തമായ മഴയും, മഴ മുന്നറിയിപ്പും നിലനിൽക്കുന്നതിനാൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. പ്രൊഫഷണൽ കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ല. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ളവ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ കോളജുകൾക്ക് അവധിയായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കലക്ടർ അറിയിച്ചു.


ഇടുക്കി ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പഠന സമയം നഷ്ടമാക്കാതെ ഓണ്‍ലൈൻ ക്ലാസുകള്‍ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു.


വയനാട് ജില്ലയിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.


അതേസമയം അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനൊപ്പം അടുത്ത മൂന്ന്‌ മണിക്കൂറിലേക്ക് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home