പ്രീമിയർ ലീഗിൽ ലിവർ പൂളിന് ജയം; തോൽവി തുടർന്ന് യുണൈറ്റഡ്

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും നാണംകെട്ട തോൽവി. സ്വന്തം തട്ടകത്തിൽ ബോൺമൗത്തിനോട് മറുപടിയില്ലാത്ത മൂന്ന് (3-0) ഗോളിനാണ് യുണൈറ്റഡ് തോറ്റത്. മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ 2-0ന് ബ്രൈറ്റണെ തകർത്തു. ന്യൂകാസിൽ യുണൈറ്റഡ് എഫ്സി 2-0ന് ക്രിസ്റ്റൽ പാലസിനെ വീഴ്ത്തിയപ്പോൾ ഹൾ സിറ്റിയും ബ്രെൻഡ്ഫോർഡും 1-1 സമനിലയിൽ പിരിഞ്ഞു.
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ദയനീയ തോൽവിക്കുശേഷം വീണ്ടും കളത്തിലെത്തിയ യുണൈറ്റഡ് ആരാധകരെ വീണ്ടും നിരാശരാക്കി. ഇറ്റാലിയൻ ക്ലബായ കോമോയോട് 4–1ന് തോറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ തിരിച്ചടി നേരിട്ട ടീം പ്രീമിയർ ലീഗിലും തകർന്നടിയുകയായിരുന്നു. ബോൺമൗത്തിനെതിരെ മൈക്കേൽ കാരിക്കിന്റെ സംഘത്തിന് നിലംതൊടാനായില്ല. അവസാന എട്ട് മത്സരത്തിലും ടീമിന് ജയമില്ല. കളിയുടെ 38-ാം മിനിറ്റിൽ റയാനിലൂടെയാണ് ബോൺമൗത്ത് ലീഡ് നേടിയത്. അഞ്ച് മിനിറ്റിനുള്ളിൽ ടീം ലീഡ് രണ്ടായി ഉയർത്തി. മാർക്കസ് ടവേർനിയർ (43) ആണ് ഇത്തവണ ലക്ഷ്യം കണ്ടത്. 71-ാം മിനിറ്റിൽ ഇവാനിൽസൺ കൂടി ലക്ഷ്യം കണ്ടതോടെ യൂണൈറ്റഡ് തകർന്നു. തുടർച്ചയായ തോൽവികളും മോശം പ്രകടനവും കാരണം യുണൈറ്റഡ് ക്യാമ്പിൽ വലിയ പ്രശ്നങ്ങളാണ് പുകയുന്നത്.
അതേസമയം ആൻഫീൽഡിലെ സ്വന്തം ആരാധകർക്ക് മുന്നിൽ അനായാസ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. 17-ാം മിനിറ്റിൽ ബ്രൈറ്റൺ താരം പാസ്കൽ ഗ്രോസ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ലിവർപൂൾ മുന്നിലെത്തിയത്. പിന്നാലെ 22-ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക് ടീമിന്റെ ലീഡ് രണ്ടായി ഉയർത്തി.








0 comments