ad
Deshabhimani

ഫിഫ പ്രസിഡന്റിനെതിരെ ഇംഗ്ലണ്ടും; പിന്തുണ പിൻവലിക്കുന്നു

Gianni Infantino

ജിയാനി ഇൻഫന്റീനോ

വെബ് ഡെസ്ക്

Published on Aug 03, 2026, 06:56 PM | 1 min read

ലണ്ടൻ: ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫന്റീനോയ്‌ക്കുള്ള പിന്തുണ ഇംഗ്ലീഷ്‌ ഫുട്‌ബോൾ അസോസിയേഷനും പിൻവലിക്കുന്നു. ഫിഫ നടത്തുന്ന ലോകകപ്പ്‌ ഉൾപ്പെടെയുള്ള മത്സരങ്ങളുടെ നടത്തിപ്പിന്‌ സ്വകാര്യപങ്കാളിത്തത്തോടെ ഉപകമ്പനി രൂപീകരിക്കാൻ ഇൻഫന്റീനോ ശ്രമിച്ചത്‌ സ്ഥാനം നഷ്‌ടമാക്കുന്ന തരത്തിൽ വിനയായിരിക്കുകയാണ്‌. യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ (യുവേഫ) ഉൾപ്പെടെ അതിശക്തമായ എതിർപ്പിനെ തുടർന്ന്‌ ഇ‍ൗ നീക്കത്തിൽ നിന്ന്‌ നിലവിൽ പിന്മാറിയിരിക്കുകയാണ്‌. എന്നാൽ, ഇൻഫന്റീനോയുടെ പദ്ധതിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന്‌ യുവേഫ മുന്നറിയിപ്പ്‌ നൽകിയത്‌ വിവാദത്തിന്‌ വീണ്ടും ചൂടുപകർന്നിരിക്കുകയാണ്‌. വടക്ക്‌–തെക്ക്‌ അമേരിക്കയുടെ സംഘടനയായ കോൺകാകാഫും വിൽപ്പനക്കെതിരെ പ്രസ്‌താവന നടത്തിയിരുന്നു.


നിയമനടപടിയുടെ ഭാഗമായി ഇൻഫന്റീനോയുടെ പദ്ധതി സംബന്ധിച്ച എല്ലാ രേഖകളും യുവേഫ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇ‍ൗ വിഷയത്തിൽ ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷൻ യുവേഫയോടും കോൺകാകാഫിനോടും ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്‌. എന്നാൽ, കുവൈത്ത്‌, ഖത്തർ, ശ്രീലങ്ക, ലെബനൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ ഇൻഫന്റീനോയ്‌ക്ക്‌ പിന്തുണ അറിയിച്ചു. കോൺമേബോൾ, ഓഷ്യാനിയ എന്നിവർ പ്രതികരിച്ചിട്ടില്ല.


രണ്ടാഴ്‌ചയ്‌ക്കകം നടക്കുന്ന ഫിഫ ക‍ൗൺസിലിൽ ഇൻഫന്റീനോയുടെ ഭാവി അറിയാം. 37 അംഗ ക‍ൗൺസലിൽ 19 പേർ ആവശ്യപ്പെട്ടാൽ അദ്ദേഹത്തിന്‌ രാജിവെക്കേണ്ടി വരും. ക‍ൗൺസിലിൽ യുവേഫയ്‌ക്ക്‌ 9, ഏഷ്യ–7, ആഫ്രിക്ക–6, കോൺകാകാഫ്‌–5, കോൺമേബോൾ –5, ഓഷ്യാനിയ –3 എന്നിങ്ങനെയാണ്‌ വിവിധ മേഖലകളിൽ നിന്നുള്ള അംഗസംഖ്യ. ഇൻഫന്റീനോയും സെക്രട്ടറി ജനറൽ മത്തിയാസ്‌ ഗ്രാഫ്‌സ്‌റ്റോമും ആണ്‌ മറ്റംഗങ്ങൾ. ക‍ൗൺസിലിൽ അവിശ്വാസം വോട്ടിനിട്ടാൽ പ്രസിഡന്റിന്‌ പുറത്തേക്ക്‌ വഴിയൊരുങ്ങാനാണ്‌ സാധ്യത.


ഇ‍ൗ പ്രതിസന്ധി അതിജീവിച്ചാൽ


നാലാം തവണയും തുടരാൻ മാർച്ചിൽ നടക്കേണ്ട പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇൻഫന്റീനോയ്‌ക്ക്‌ 106 അംഗങ്ങളുടെ പിന്തുണയാണ്‌ വേണ്ടത്‌. യുവേഫ–55, ആഫ്രിക്ക–54, ഏഷ്യ– 46, കോൺകാകാഫ്‌–35, ഓഷ്യാനിയ–11, കോൺമേബോൾ–10 എന്നിങ്ങനെ 211 വോട്ടുകളാണ്‌ ആകെയുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home