ആങ്സാന്‍ സൂകിയെ കണ്ട് റെഡ് ക്രോസ് പ്രതിനിധി; വർഷങ്ങൾക്ക് ശേഷം പുറംലോകവുമായി ആദ്യ സമ്പർക്കം

റെഡ് ക്രോസ് പ്രതിനിധി ആങ്സാന്‍ സൂകിയെ സന്ദർശിച്ചപ്പോൾ
ബാങ്കോക്ക്: മ്യാൻമറിൽ തടവിലാക്കപ്പെട്ട ജനാധിപത്യപ്രക്ഷോഭ നായിക ആങ്സാന്‍ സൂകി റെഡ് ക്രോസ് പ്രതിനിധിയെ സന്ദർശിച്ചതായി റിപ്പോർട്ട്. 2021ൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടതുമുതൽ, സൂകിയുടെ ആരോഗ്യസ്ഥിതിയെയും എവിടെയാണുള്ളത് എന്നതിനെയും കുറിച്ച് നിലനിന്നിരുന്ന ആശങ്കകൾക്കൊടുവിലാണ് തിങ്കളാഴ്ച ഈ കൂടിക്കാഴ്ച നടന്നത്. രണ്ടര വർഷം മുൻപ് മകന് അയച്ച കത്തിന് ശേഷം പുറംലോകവുമായി 81-കാരിയായ സൂകി നടത്തുന്ന സ്ഥിരീകരിച്ച ആദ്യത്തെ സമ്പർക്കമാണിത്.
സൂകി എവിടെയാണെന്ന് സംബന്ധിച്ച സ്വതന്ത്രമായ പരിശോധന നടത്താൻ അനുവദിക്കണമെന്ന് സർക്കാരിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായിരുന്നു. എന്നാൽ അവർ ആരോഗ്യവതിയാണെന്ന് മാത്രമാണ് മ്യാൻമറിലെ സൈനിക പിന്തുണയുള്ള ഭരണകൂടം ആവർത്തിച്ച് അവകാശപ്പെട്ടിരുന്നത്.
തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് നൽകണമെന്ന് സൂകിയുടെ മകൻ കിം അരിസ്, സർക്കാരിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.
കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാർത്ത പ്രതീക്ഷനൽകുന്നതാണെന്ന് വിശേഷിപ്പിച്ച കിം അരിസ്, ഇതൊരു പ്രധാനപ്പെട്ട സംഭവവികാസമാണെന്നും പക്ഷേ അവസാനത്തേതാകരുത് എന്നും പ്രതികരിച്ചു. കൂടുതൽ മാനുഷിക സഹായം ലഭ്യമാകുന്നതിനും, തന്റെ അമ്മയുമായി നേരിട്ട് ബന്ധപ്പെടുന്നതിനും, അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിക്കുന്നതിനും, ആത്യന്തികമായി എല്ലാ രാഷ്ട്രീയ തടവുകാർക്കുമൊപ്പം അവരെ ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കുന്നതിനും ഈ കൂടിക്കാഴ്ച വഴിയൊരുക്കട്ടെയെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
തലസ്ഥാനമായ നെയ്‌പിഡാവിൽ തിങ്കളാഴ്ച മ്യാൻമറിലെ റെഡ് ക്രോസ് പ്രതിനിധിയായ അർണാഡ് ഡി ബാക്വെ, ആങ് സാങ് സൂകിയെ സന്ദർശിച്ചതായി സർക്കാർ വക്താവ് ഖൈൻ ഖൈൻ സോ ടെലഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. തടവിലാക്കപ്പെട്ട ആളുകളെ കാണുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് സന്ദർശനം നടത്തിയതെന്ന് റെഡ് ക്രോസ് സ്ഥിരീകരിച്ചു.
സൈനിക അട്ടിമറിക്ക് പിന്നാലെ മിൻ ആങ് ഹ്ലൈയിംഗിന് മ്യാൻമറിന്റെ പ്രസിഡന്റായതോടെ ഏപ്രിൽ അവസാനം ആങ്സാന്‍ സൂകിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയതായി അധികാരികൾ അറിയിച്ചിരുന്നു.
സൈനികർ അധികാരം പിടിച്ചെടുത്ത 2021 ഫെബ്രുവരി ഒന്നിനാണ് സൂചി തടവിലാക്കപ്പെട്ടത്. അതിനുശേഷം അവരെ പൊതുവേദികളിൽ കണ്ടിട്ടില്ല.










0 comments