Deshabhimani

ആറാം ദിവസവും രൂപയുടെ മുന്നേറ്റം; ഡോളറിനെതിരെ 12 പൈസ ഉയർന്നു

Rupee vs Dollar
വെബ് ഡെസ്ക്

Published on Aug 03, 2026, 08:19 PM | 1 min read

മുംബൈ : ആ​ഗോളതലത്തിൽ ​ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതിനാലും ഇറാനെതിരായ ആക്രമണങ്ങൾ നിർത്തിവക്കാൻ ട്രംപ് തീരുമാനിച്ചതിനെ തുടർന്നും തുടർച്ചയായ ആറാം സെഷനിലും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. ഇന്നത്തെ സെഷനിൽ ഡോളറിനെതിരെ 12 പൈസ ഉയർന്ന് 95.31 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.


വിദേശ നിക്ഷേപകർ കൈവിടാതിരുന്നതും ആഭ്യന്തര ഓഹരി വിപണിയിലെ നേട്ടവും രൂപയ്ക്ക് കരുത്ത് പകർന്നതായി ഫോറക്സ് വ്യാപാരികൾ പറഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഗ്രീൻബാക്കിനെതിരെ 95.15 എന്ന നിലയിൽ തുറന്ന രൂപ, പകൽ സമയത്ത് 95.11- 95.34 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഒടുവിൽ മുൻ ദിവസത്തെ ക്ലോസിം​ഗിനേക്കാൾ 12 പൈസ ഉയർന്നു.


തിങ്കളാഴ്ച വരെയുള്ള ആറ് വ്യാപാര സെഷനുകളിലായി രൂപ 3 ശതമാനത്തിലധികം ഉയർന്നു. പശ്ചിമേഷ്യയിലെ പിരിമുറുക്കങ്ങൾ കുറഞ്ഞത് ഇതിന് സഹായകമായി. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ 7 പൈസ ഉയർന്ന് 95.43 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്സ് 5.06 ശതമാനം ഇടിഞ്ഞ് ബാരലിന് 83.48 ഡോളറിലെത്തി.


എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ വെള്ളിയാഴ്ച 277.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആർ‌ബി‌ഐ ഡാറ്റ പ്രകാരം രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 6.118 ബില്യൺ ഡോളർ ഉയർന്ന് 682.354 ബില്യൺ ഡോളറിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home