ad
Deshabhimani

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എല്ലാ വിവരങ്ങളും സുപ്രീംകോടതിയെ അറിയിക്കാമെന്ന് കേന്ദ്രസർക്കാർ

NEET UG LEAK
വെബ് ഡെസ്ക്

Published on Aug 03, 2026, 09:23 PM | 1 min read

ന്യൂഡൽഹി : നീറ്റ് - യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സുപ്രീംകോടതിയെ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് - യുജിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിക്ക് വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്രസർക്കാർ.


ചോദ്യപേപ്പർ അച്ചടിക്കുന്നത് മുതൽ വിദ്യാർഥികളുടെ കൈകളിൽ എത്തുന്നതുവരെയുള്ള മുഴുവൻ നടപടിക്രമങ്ങളും അറിയിക്കാമെന്നാണ് കേന്ദ്രം സുപ്രീംകോടതിക്ക് മുമ്പിൽ വ്യക്തമാക്കിയത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികകൾ പരി​ഗണിക്കവെയാണ് സർക്കാരിന്റെ മറുപടി. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി സ്വീകരിക്കുന്ന മുഴുവൻ മുൻകരുതലുകളും കോടതിയെ രേഖാമൂലം അറിയിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.


പരീക്ഷാ നടത്തിപ്പിലെ സുതാര്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിൽ രാജ്യവ്യാപകമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനെതിരെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടന്നിരുന്നു. രാജ്യത്തെ വിവിധ വിദ്യാർഥി സംഘടനകൾ ഡൽ​ഹിയിലെ ജന്തർ മന്തറിൽ നടത്തിയ ഐതിഹാസിക പ്രതിഷേധം ആ​ഗോളതലത്തിൽ ശ്രദ്ധയാകർഷിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പിൽ വലിയ വീഴ്ചകൾ സംഭവിച്ചതോടെ എൻടിഎ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.


മെഡിക്കൽ പ്രവേശനത്തിനായി വർഷങ്ങളോളം തയ്യാറെടുപ്പ് നടത്തി പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഭാവിയെ തകർക്കുന്നതായിരുന്നു നീറ്റ് ചോദ്യപേപ്പർ ചോർച്ച. വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയെ മാറ്റിയെങ്കിലും വിദ്യാർഥികൾ നേരിടുന്ന ആശങ്കയ്ക്ക് പരി​ഹാരം കണ്ടെത്താൻ ഇതുവരെ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home