നീറ്റ് യുജി ചോര്‍ച്ച: അറസ്റ്റിലായ കോച്ചിങ് സെന്റര്‍ ഉടമയുടെ മകന് രണ്ട് വര്‍ഷത്തെ പരീക്ഷാ വിലക്ക്

മുംബൈ: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ പ്രതിയും ലാത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോച്ചിങ് സെന്റര്‍ ഉടമയുമായ ശിവരാജ് മോതെഗാവ്കറുടെ മകൻ ആദിത്യ മോതെഗാവ്കറെ പരീക്ഷ എഴുതുന്നതിൽ നിന്നും രണ്ടു വര്‍ഷത്തേക്ക് വിലക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി.
സിബിഐ അന്വേഷണത്തിന് തുടര്‍ച്ചയായി അറസ്റ്റിലായ ശിവരാജ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ചോദ്യപേപ്പര്‍ തയാറാക്കിയ എൻടിഎ പാനലിലെ അംഗം പിവി കുൽക്കര്‍ണിയിൽ നിന്നും കോച്ചിങ് സെന്റര്‍ ഉടമയായ ശിവരാജ് മോതെഗാവ്കര്‍ അഞ്ച് ലക്ഷം രൂപ നൽകി ചോദ്യങ്ങൾ വാങ്ങിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് കുട്ടികളെ പരിശീലിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകനും ഈ ക്ലാസിൽ എത്തിയിരുന്നു എന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.
മെയ് 3-ന് നടന്ന പരീക്ഷയിൽ ക്രമക്കേട് ആരോപിക്കപ്പെട്ടതിനെ തുടർന്ന് ജൂൺ 21-ന് നടത്തിയ റീ-ടെസ്റ്റിൽ ആദിത്യ പങ്കെടിത്തിരുന്നു. തുടർന്ന് ഇയാളുടെ ഫലം തടഞ്ഞുവെക്കുകയും വിശദീകരണം തേടുകയും ചെയ്തു. മെഡിക്കൽ പ്രവേശനത്തിനായി എൻടിഎ നടത്തുന്ന പരീക്ഷയാണ് നീറ്റ്-യുജി. ചോദ്യപ്പേപ്പർ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മെയ് 3-ന് നടന്ന പരീക്ഷ മെയ് 12-ന് റദ്ദാക്കി. വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ ജൂൺ 21-ന് പുനഃപരീക്ഷ നടത്തി. പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സിബിഐ കഴിഞ്ഞ മാസം അന്തിമ റിപ്പോർട്ട് സമർപ്പിച്ചു.









0 comments