പൊതുവിദ്യാലയങ്ങളിലെ അധ്യാപക–വിദ്യാർഥി അനുപാതം
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കെഎസ്ടിഎ പ്രതിഷേധിച്ചു

കെഎസ്ടിഎ ജില്ലാ കമ്മിറ്റി കോലഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
പൊതുവിദ്യാലയങ്ങളിലെ അധ്യാപക–വിദ്യാർഥി അനുപാതത്തെ സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിര കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോലഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി എം ഷൈനി, ജില്ലാ എക്സി. അംഗം സണ്ണി വർഗീസ്, ഉപജില്ലാ സെക്രട്ടറി കെ എം ഷെഫീഖ് എന്നിവർ സംസാരിച്ചു.
സംസ്ഥാനരൂപീകരണംമുതൽ കേരളത്തിൽ അധ്യാപക–വിദ്യാർഥി അനുപാതം നിശ്ചയിക്കുന്നത് ക്ലാസ് അടിസ്ഥാനത്തിലാണ്. കേരള വിദ്യാഭ്യാസചട്ടം നിഷ്കർഷിക്കുന്ന ഈ രീതിയാണ് ഈ അധ്യയനവർഷവും അവലംബിച്ചിട്ടുള്ളത്. എന്നാൽ, മുഖ്യമന്ത്രി ആകെ കുട്ടികളുടെ എണ്ണത്തെ അധ്യാപകരുടെ എണ്ണംകൊണ്ട് ഹരിച്ചുണ്ടാക്കിയ അനുപാതം അംഗീകരിക്കാവുന്നതല്ല. ഒരു കുട്ടി മാത്രമുള്ള വിദ്യാലയമുൾപ്പെടെ സംരക്ഷിച്ചും മാനേജ്മെന്റ് അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്ത എൽഡിഎഫ് സർക്കാർ 9000 കോടി രൂപ ഈ മേഖലയിൽ ചെലവഴിച്ചിരുന്നു. ഇതിന്റെ ഫലമായി പത്തുലക്ഷം കുട്ടികൾ പുതുതായി പൊതുവിദ്യാഭ്യാസമേഖലയിൽ ചേർന്നു.
പുതിയ അധ്യാപകനിയമനം സ്ഥിരമായി അവസാനിപ്പിക്കുന്നതും പൊതുവിദ്യാലയങ്ങൾക്ക് അന്ത്യം കുറിക്കുന്നതുമായ തീരുമാനത്തിനെതിരെ എല്ലാവരേയും അണിചേർത്ത് അതിശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെഎസ്ടിഎ മുന്നറിയിപ്പ് നൽകി.








0 comments