വിസ്‌മയമൊരുക്കി ഗ്രീറ്റ്‌സ് സ്‌കൂളിൽ പെറ്റ്ഷോ

കൊച്ചി
നാലാം ക്ലാസുകാരൻ മിഗ്വേൽ ആന്റണി സൂരജിന്റെ കൂട്ടുകാർ ‘മാംഗോ’യെ തലോടാനുള്ള തിരക്കിലാണ്. ശാന്തനായി അനുസരണയോടെ ഇരിക്കുകയാണ് മാംഗോ. ഇടയ്ക്ക് നിലത്ത് കിടക്കുന്പോൾ, മിഗ്വേൽ ഏറെ പണിപ്പെട്ടാണ് എഴുന്നേൽപ്പിക്കുന്നത്. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പെറ്റ് ഷോയിലാണ് ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട ശാന്ത സ്വഭാവക്കാരനായ ‘മാംഗോ’കുട്ടികളുടെ പ്രിയങ്കരനായി മാറിയത്. രണ്ടുവർഷം മുന്പ് മാംഗോയെ വീട്ടിൽനിന്ന് മോഷ്ടാവ് കൊണ്ടുപോയെങ്കിലും പൊലീസ് അന്വേഷണത്തിൽ ഒഎൽഎക്സിൽ വിൽപ്പനക്ക് വച്ചിരിക്കുന്നതായി വിവരം കിട്ടി. തുടർന്നുള്ള അന്വേഷണത്തിൽ മാംഗോയെ, മിഗ്വേലിന് തിരിച്ചുകിട്ടുകയായിരുന്നു. കുട്ടികളിൽ മൃഗസ്നേഹവും സഹജീവികളോടുള്ള കരുതലും വളർത്തുന്നതിനൊപ്പം അറിവും വിനോദവും പകരുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായ മൂന്നാംവർഷവും ഗ്രീറ്റ്‌സിൽ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ പെറ്റ്ഷോ സംഘടിപ്പിച്ചത്. സ്റ്റാൻഡേർഡ് പൂഡിൽ, ബിഷോൺ ഫ്രൈസ്, പോമറേനിയൻ, ഷിറ്റ്സു തുടങ്ങി വിവിധയിനം നായ്ക്കൾ, പൂച്ചകൾ, മുയൽ, ആട്, വിവിധതരം പക്ഷികൾ, അലങ്കാരമത്സ്യങ്ങൾ എന്നിവ പ്രദർശനത്തിന് മാറ്റുകൂട്ടി. ഒട്ടകവും കുതിരകളുമായാണ് പ്ലസ് ടു വിദ്യാർഥികൾ പരിപാടിക്ക് എത്തിയത്. ഒട്ടകപ്പുറത്തും കുതിരപ്പുറത്തും അറേബ്യൻ വേഷവിധാനങ്ങളണിഞ്ഞ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി വളർത്തുമൃഗങ്ങളുടെ വിവിധ പ്രകടനങ്ങളും ഉണ്ടായി. സിനിമയിലെ ഷാജി പാപ്പന്റെ ചമയം ധരിച്ച് ആടുമായി എത്തിയ വിദ്യാർഥിയും ശ്രദ്ധേയനായി. പെറ്റ് വാക്കും വളർത്തുമൃഗങ്ങളുടെ വിവിധ പ്രകടനങ്ങളും പരിപാടിക്ക് ആവേശം പകർന്നു. പ്രകടനങ്ങളിൽ മികവ് പുലർത്തിയ ആദ്യ മൂന്നുസ്ഥാനക്കാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.








0 comments