കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന് നാളെ പതാക ഉയരും

കൂത്താട്ടുകുളം
കെഎസ്‌കെടിയു 24–-ാം ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച കൂത്താട്ടുകുളത്ത് പതാക ഉയരും. ശനി രാവിലെ 8ന് മുൻ ജില്ലാ സെക്രട്ടറി എം പി പത്രോസിന്റെ പാറക്കടവ് വട്ടപ്പറമ്പിലെ സ്‌മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെടുന്ന പതാകജാഥ സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ക്യാപ്റ്റനും ഇ എം സലിം മാനേജരുമാണ്. റീന രാജൻ, എ വി ജോർജ് എന്നിവരാണ് ജാഥാംഗങ്ങൾ. രാവിലെ 8ന് വൈപ്പിൻ നായരമ്പലത്ത് മുൻ ജില്ലാ സെക്രട്ടറി കെ എം സുധാകരന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് പുറപ്പെടുന്ന കൊടിമരജാഥ ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് പി എസ് ഷൈല ക്യാപ്റ്റനും ജില്ലാ എക്സിക്യൂട്ടീവംഗം സി ടി വർഗീസ് മാനേജരുമാണ്. പി എം മനാഫ്, കെ കെ ജോഷി, മിനി അജിത് എന്നിവരാണ് ജാഥാംഗങ്ങൾ. പകൽ 3ന് പാമ്പാക്കുട അഞ്ചൽപ്പെട്ടിയിൽ കൂത്താട്ടുകുളത്തെ കെഎസ്‌കെടിയുവിന്റെ ആദ്യകാലനേതാവ് കെ കെ പാച്ചു ആശാന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന ദീപശിഖാജാഥ ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും.
ജില്ലാ ട്രഷറർ എൻ എസ് സജീവൻ ക്യാപ്റ്റനും കെ വി അനിത മാനേജരും എം എം ജോസഫ് ജാഥാംഗവുമാണ്. അത്‌ലറ്റുകൾ റിലേയായാണ് ദീപശിഖ കൊണ്ടുവരിക. മൂന്ന് ജാഥകളും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണളേറ്റുവാങ്ങി വൈകിട്ട് അഞ്ചിന് കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. ബ്രിയോ കൺവൻഷൻ സെന്റർ മൈതാനത്തെ വി എസ് അച്യുതാനന്ദൻ നഗറിൽ സ്വാഗതസംഘം ചെയർമാൻ പി ബി രതീഷ് പതാക ഉയർത്തും.
ഞായർ, തിങ്കൾ ദിവസങ്ങളിൽ എം പി പത്രോസ് നഗറിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. 55 ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 311 പ്രതിനിധികൾ പങ്കെടുക്കും. തിങ്കൾ വൈകിട്ട് നാലിന് ആയിരങ്ങൾ അണിനിരക്കുന്ന റാലിയും പൊതുസമ്മേളനവും വി എസ് അച്യുതാനന്ദൻ നഗറിൽ നടക്കും. അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.








0 comments