യുപിയിൽ കൂട്ടബലാത്സംഗം: രണ്ട് പൊലീസുകാരും സിആർപിഎഫ് ഉദ്യോഗസ്ഥരും പിടിയിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ ഹരിയാന ഫത്തേഹാബാദ് സ്വദേശിനിയായ 24 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് യു പി പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും അറസ്റ്റിൽ. ഹസൻപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, സിആർപിഎഫ് സബ് ഇൻസ്‌പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരാണ് അറസ്റ്റിലായത്.
അമ്രോഹയിലെ ആരാധനാലയങ്ങൾ സന്ദർശിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത പരിചയക്കാരിയായ ഒരു സ്ത്രീയുടെ നിർദ്ദേശപ്രകാരമാണ് യുവതി മോഹിത്തിനെ പരിചയപ്പെടുന്നത്. സെപ്തംബർ 21ന് സോനിപതിൽ വെച്ചാണ് യുവതി സൗരംഗ് സ്വദേശിയായ മോഹിത്തിനെ കാണുന്നത്. തുടർന്ന് മീററ്റിലെത്തിയ ഇവർക്കൊപ്പം അൽവാർ സ്വദേശിയായ ലാലാറാം യാദവും ചേർന്നു.
സെപ്തംബർ 22ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ കാറിൽ കയറ്റി ഹസൻപൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിയിൽ വെച്ച് സഞ്ജയ് തോമറെയും ഒപ്പം കൂട്ടുകയും ചെയ്തു. യുവതിയെ അത്രസി-ഹസൻപൂർ റോഡിലുള്ള ഫാം ഹൗസിലെത്തിച്ചു. പ്രതികൾ ഫാം ഹൗസിൽ രണ്ട് മുറികൾ വാടകയ്ക്കെടുത്തിരുന്നു. പ്രമോദാണ് ഇവർക്ക് മദ്യവും ഭക്ഷണവും എത്തിച്ചുനൽകിയത്.
തുടർന്ന് 22ന് വൈകിട്ട് മോഹിത്, യാദവ്, തോമർ എന്നിവർ ചേർന്ന് യുവതിയെ മാറിമാറി കൂട്ടബലാത്സംഗം ചെയ്തു. ഇതിനുശേഷം പ്രമോദ് പീഡനശ്രമം നടത്തിയെങ്കിലും, യുവതി ഇയാളെ തള്ളിപ്പുറത്താക്കി വാതിലടച്ച് ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞയുടൻ ഹസൻപൂർ, രാജബ്പൂർ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ സ്ഥലത്തെത്തി യുവതിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. നാല് പ്രതികളെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.









0 comments