ജനവാസമേഖലയെയും കൃഷിഭൂമിയെയും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണം: ഓർത്തഡോക്‌സ് സഭ

കോട്ടയം: വന്യമൃഗശല്യം മൂലം ജീവിതം ദുസഹമായ മലയോരജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനമെന്ന് ഓർത്തഡോക്‌സ് സഭ പ്രസ്‌താവനയിൽ പറഞ്ഞു.
ജനവാസമേഖലയെയും കൃഷിഭൂമിയെയും ഇഎസ്എയിൽനിന്ന് ഒഴിവാക്കണം. ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. നിർഭാഗ്യവശാൽ ജനത്തെ ഇരുട്ടിൽ നിർത്തുന്നതാണ് പല വിജ്ഞാപനങ്ങളും. മലയോരമേഖലയിലെ നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരുമ്പോൾ ഭാവിയിൽ എന്തിനും ഏതിനും വനം, പരിസ്ഥിതി വകുപ്പുകളുടെ അനുമതി തേടേണ്ട സ്ഥിതിയുണ്ടാകും. ഇഎസ്എ വിജ്ഞാപനം മലയോരമേഖലയെ മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ വികസനത്തെ ബാധിക്കുന്നതാണ്.
വിജ്ഞാപനത്തിനെതിരെ പരാതിയും ആശങ്കയും അറിയിക്കാനുള്ള കാലാവധി നീട്ടണം. വിദഗ്ധ സമിതി മലയോരമേഖലകൾ സന്ദർശിച്ച് വസ്തുത മനസിലാക്കണം. മലയോര ജനത പരിസ്ഥിതി സംരക്ഷണ വിരുദ്ധരല്ല. ഇഎസ്എ വനമേഖലയിൽ മാത്രമായി നിജപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാം. കേരളത്തിലെ പ്രത്യേക സാഹചര്യം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തണമെന്നും ഓർത്തഡോക്‌സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പ്രസ്‌താവനയിൽ പറഞ്ഞു.








0 comments