എല്ലാ വാർത്താസമ്മേളനങ്ങളിലും മുഖ്യമന്ത്രി നുണ പറയുന്നു; ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുന്നില്ല: എം വി ഗാേവിന്ദൻ

എം വി ഗാേവിന്ദൻ, വി ഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശൻ നടത്തുന്ന എല്ലാ വാർത്താസമ്മേളനങ്ങളിലും നുണ ആവർത്തിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ആക്ഷേപിക്കുകയാണ്. താൻ പ്രതിപക്ഷ നേതാവല്ല, മുഖ്യമന്ത്രിയാണെന്ന് വി ഡി സതീശൻ മനസ്സിലാക്കണം. മുഖ്യമന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം നിറവേറ്റണമെന്നും എം വി ഗോവിന്ദൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് പ്രകൃതിക്ഷോഭം നേരിടുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും പകച്ചൂനിൽക്കുകയാണ്. സർക്കാർ സംവിധാനമാകെ പരാജയപ്പെട്ടു. കാര്യങ്ങൾ ഫലപ്രദമായി നേരിടാനാകുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ സർക്കാരിന് കഴിയുന്നില്ല. ഭരണകക്ഷിയിൽപെട്ടവർപോലും ഈ വിമർശനം ഉന്നയിക്കുന്നു.
കാലാവസ്ഥാകേന്ദ്രങ്ങൾ കൃത്യമായി അറിയിച്ചിട്ടും മുൻകരുതൽ നിർദ്ദേശം നൽകാനോ, കാര്യക്ഷമമായ മുന്നൊരുക്കത്തിനോ, ഏകോപനത്തിനോ സാധിച്ചിട്ടില്ല. ദുരിതാശ്വാസ ക്യാമ്പിലെത്തിയവരടക്കം ഇത് പറഞ്ഞു. ദുരന്തങ്ങളും പ്രതിസന്ധികളും ജനങ്ങൾക്കൊപ്പം നിന്ന് നേരിടുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇവിടെ അതുണ്ടാകുന്നില്ല. പത്തുവർഷം ഇതായിരുന്നില്ല അവസ്ഥ. ദുരിതാശ്വാസ പ്രവർത്തനത്തിൽ സിപിഐ എം പ്രവർത്തകർ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.









0 comments