ഓർമ കേന്ദ്ര സമ്മേളനം: സി കെ അംബുജാക്ഷൻ പ്രസിഡന്റ്, ഷിജു ബഷീർ ജനറൽ സെക്രട്ടറി

ദുബായ് ഓർമ കേന്ദ്ര സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ സംസാരിക്കുന്നു
ദുബായ്: ദുബായ് ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ) പ്രസിഡന്റായി സി കെ അംബുജാക്ഷനെയും ജനറൽ സെക്രട്ടറിയായി ഷിജു ബഷീറിനെയും കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്തു. സാദിഖ് പാനൂരാണ് പുതിയ ട്രഷറർ. സോണിയ ഷിനോയ് (വൈസ് പ്രസിഡന്റ്), അക്ബർ അലി, ജിസ്‌മി സനോജ് (സെക്രട്ടറി), സുൽഫത്ത് ഫിറോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ മറ്റു ഭാരവാഹികളായും തെരഞ്ഞെടുത്തു.

ഞായറാഴ്‌ച ദുബായിൽ നടന്ന സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്‌തു. ജാതി, മത, വർഗീയ ശക്തികൾ കരുത്താർജിക്കുന്ന സാഹചര്യത്തിൽ പുരോഗമന സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. ദുബായിലെ പ്രവാസി മലയാളികൾക്കിടയിൽ ഓർമ നടത്തുന്ന സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർമ വൈസ് പ്രസിഡന്റ് ജിജിത അനിൽകുമാർ അധ്യക്ഷനായി. പ്രദീപ് തോപ്പിൽ, ജിജിത അനിൽകുമാർ, ജയപ്രകാശ് എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഞ്ച് മേഖലകളിൽനിന്ന് 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. എൻ കെ കുഞ്ഞമ്മദ്, യുഎഇയിലെ വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ മുൻകരുതൽ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നതടക്കം 11 പ്രമേയം അവതരിപ്പിച്ചു. 325 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഷിജു ബഷീർ, നവാസ്, സി കെ അംബുജാക്ഷൻ, കാവ്യ, സനത് (സ്റ്റിയറിങ്), സുനിൽകുമാർ, പ്രശാന്ത്, മീര ജയറാം, സജിത്ത് (മിനുറ്റ്സ്), അനീഷ് മണ്ണാർക്കാട്, സുഹ്റ, ബിജു കബീർ (ക്രഡൻഷ്യൽ) എന്നിവർ വിവിധ സബ് കമ്മിറ്റികളിൽ പ്രവർത്തിച്ചു.









0 comments