ഒറ്റപ്പെട്ട് അറയാഞ്ഞിലിമണ്ണ്: രണ്ട് രോഗികളെ ചികിത്സയ്ക്ക് അക്കരെയെത്തിച്ചത് വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ

മുക്കൂട്ടുതറ: കര കവിഞ്ഞ പമ്പാ നദിയിൽ മുങ്ങിയ അറയാഞ്ഞിലിമണ്ണ് പാലത്തിൽ വെള്ളം കുറയുന്നത് കാത്തിരിക്കുകയായിരുന്നു ആ നാട്.
ഞായറാഴ്ച രണ്ട് പേരെ ഡയാലിസിസ് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാനായിരുന്നു ആ കാത്തിരിപ്പ്. പാലത്തിൽ വെള്ളം അൽപ്പം താഴ്ന്നപ്പോൾ ഇരു കരകളിലുമായി വടം ബന്ധിപ്പിച്ച് രക്ഷാ പ്രവർത്തകർ കൈകോർത്തു. സ്ട്രക്ച്ചറിൽ കിടത്തി രണ്ട് പേരെയും അതിസാഹസികമായാണ് ഇന്നലെ പാലത്തിലൂടെ ആശുപത്രിയിൽ എത്തിക്കാൻ മറുകര താണ്ടിയത്.
അറയാഞ്ഞിലിമണ്ണ് സ്വദേശികളായ ചെരുവിൽ അപ്പുക്കുട്ടൻ (58) നെ ആദ്യവും തുടർന്ന് റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ പുന്നമണ്ണിൽ സജി (56) എന്നിവരെയാണ് ഫയർ ഫോഴ്സ്, പൊലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അക്കരെയിൽ എത്തിച്ചത്. കോട്ടയത്ത് ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ച രണ്ട് പേരെയും ഇനി തിരികെ അറയാഞ്ഞിലിമണ്ണിൽ എത്തിക്കണമെങ്കിൽ പാലത്തിൽ ജലനിരപ്പ് താഴണം.
അല്ലെങ്കിൽ ഇവരെ പാലത്തിന്റെ ഇക്കരെയിൽ ഇടകടത്തിയിൽ ബന്ധു വീടുകളിലോ മറ്റോ താമസിപ്പിക്കേണ്ടി വരും. മൂന്ന് വശം വനവും ഒരു വശം പമ്പയാറും അതിർത്തിയായ അറയാഞ്ഞിലിമണ്ണിലേക്കുള്ള ഏക ഗതാഗത മാർഗമായ പാലം കഴിഞ്ഞ രണ്ട് ദിവസമായി പൂർണമായും വെള്ളത്തിനടിയിലാണ്.










0 comments