ad
Deshabhimani

'പറഞ്ഞതിൽ വ്യക്തതയുണ്ട്'; നിലപാട് ഉറച്ചതെന്ന് വിസ്മയ: പിന്തുണച്ച് മോഹൻലാലും സുചിത്രയും

vismaya mohanlal
വെബ് ഡെസ്ക്

Published on Aug 03, 2026, 08:11 PM | 1 min read

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി വിസ്മയ മോഹൻലാൽ. തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അവർ വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതയുണ്ടെന്നും അത് തെറ്റിദ്ധരിച്ചവരെ തിരുത്താനാകില്ലെന്നും വിസ്മയ പറഞ്ഞു.


സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളോ സൈബർ ആക്രമണങ്ങളോ തന്നെ ബാധിക്കാറില്ലെന്നും, നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് വിഷമിക്കുന്നതിൽ അർഥമില്ലെന്നും അവർ പറഞ്ഞു. ജനാധിപത്യ രാജ്യത്തിൽ എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും വിസ്മയ കൂട്ടിച്ചേർത്തു. വിസ്മയയുടെ അഭിപ്രായത്തിന് മാതാപിതാക്കളായ മോഹൻലാലും സുചിത്ര മോഹൻലാലും പിന്തുണ നൽകി.


നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു വിസ്മയ നേരത്തെ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചത്. വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനെ പൊലീസ് ബലപ്രയോഗത്തിലൂടെ നേരിട്ട കേന്ദ്രസർക്കാരിന്റെ നടപടിയെ അവർ വിമർശിച്ചിരുന്നു.


"ശബ്ദമുയർത്തുന്ന പൗരന്മാരോടുള്ള പ്രതികരണം അടിച്ചമർത്തലാണെങ്കിൽ, നാം ഏത് തരത്തിലുള്ള ജനാധിപത്യത്തിലേക്കാണ് നീങ്ങുന്നത്?" എന്നായിരുന്നു വിസ്മയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യം. പിന്നാലെ വിസ്മയക്കെതിരെ വതോതിൽ സൈബർ ആക്രമണങ്ങളുണ്ടായിരുന്നു.


ഇപ്പോഴും, ആ പ്രതികരണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് വിസ്മയ ആവർത്തിച്ചു. ജനാധിപത്യ സംവിധാനത്തിൽ ചോദ്യം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്. നാളെ ഏത് രാഷ്ട്രീയ പാർടി അധികാരത്തിലെത്തിയാലും ഇത്തരം വിഷയങ്ങളിൽ തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും വിസ്മയ പറഞ്ഞു. തന്റെ ആദ്യ ചിത്രമായ 'തുടക്കം' എന്ന സിനിമയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു വിസ്മയ മോഹൻലാലിന്റെ പ്രതികരണം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home