ad
Deshabhimani

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: മൂന്നാം ദിവസവും മഴക്കെടുതി രൂക്ഷം: പിഎസ്‌സി പരീക്ഷകൾ മാറ്റി

malappuram landslide road
വെബ് ഡെസ്ക്

Published on Aug 03, 2026, 07:49 PM | 2 min read

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം ദിവസവും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയെത്തുടർന്ന് പലയിടങ്ങളിലും മണ്ണിടിച്ചിലുമുണ്ട്. മഴ തുടരുന്നതിനാൽ പിഎസ്‌സി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. ഓ​ഗസ്റ്റ് 4,5,6,10 തിയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളിൽ നടത്താനിരുന്ന എഴുത്തു പരീക്ഷകളും ഓൺലൈൻ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്നുള്ള മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതായതായും മുഖ്യമന്ത്രി അറിയിച്ചു.


മലപ്പുറം പാണക്കാടുണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. അതേസമയം വ്യാപാകമായ മണ്ണെടുപ്പും കുന്നിടിച്ചു നിരത്തലും ഉൾപ്പടെയുള്ള അനധികൃതമായി തുടരുന്ന നിർമാണ പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.


മഴ ശക്തമായതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാടും വെള്ളം കയറുകയാണ്. വെള്ളപ്പൊക്കബാധിത മേഖലയിൽ നിന്ന് നിരവധിപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെള്ളംകയറിയ വീടുകളിൽനിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മാറ്റിയിട്ടുണ്ട്.


പമ്പാനദി കരകവിഞ്ഞൊഴുകിയതിനാൽ ചെങ്ങന്നൂരിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. മുളക്കുഴ തുലാക്കുഴി, തിരുവൻവണ്ടൂർ നന്നാട്, ഇരമല്ലിക്കര, മാടവന ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. പ്രാവിൻകൂട് - തിരുവൻവണ്ടൂർ റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതം തടസപ്പെട്ടു .


പത്തനംതിട്ട ജില്ലയിലെ പലയിടങ്ങളിലും ഇപ്പോഴും വെള്ളക്കെട്ടാണ്. കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നിയിൽ കഴിഞ്ഞ ദിവസം വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. റാന്നിയിൽ മിന്നൽ പ്രളയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് താഴ്ന്നെങ്കിലും വ്യാപാര സ്ഥാപനങ്ങളിലുടനീളം വൻ നാശനഷ്ടമുണ്ടായി.


ആറന്മുളയിൽ വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതിനാൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു. നാളെയും മറ്റന്നാളുമായി നടത്താനിരുന്ന വള്ളസദ്യയാണ് മാറ്റിവെച്ചത്. പുതുക്കിയ തിയതി നേരത്തെ ബുക്ക് ചെയ്തവരെ പിന്നീട് അറിയിക്കും.


മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ഓണം വിപണി ലക്ഷ്യമാക്കി ഒരുക്കിയ ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് നശിച്ചത്. ന​ദികൾ കരകവിഞ്ഞൊഴുകിയതോടെ തിരുവല്ലയിലെ റെയിൽവേ അടിപ്പാതകൾ മുങ്ങി.


കോട്ടയം ജില്ലയില്‍ മഴക്കെടുതി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നതിന് ദേശീയ ദുരന്ത പ്രതികരണ സേനയും എത്തിച്ചേര്‍ന്നു. തൃശൂരില്‍ നിന്നുള്ള 23 അംഗ സംഘത്തെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്തു നിന്നുള്ള 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് വിന്യസിച്ചിട്ടുള്ളത്. കേരള പോലീസിന്‍റെ റാപ്പിഡ് റെസ്‌പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സിലെ 20 പേരും തൃശൂരില്‍നിന്നുള്ള സംഘത്തിനൊപ്പമുണ്ട്. രണ്ടു മേഖലകളിലും എന്‍ഡിആര്‍എഫ് ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചു.


മിന്നൽ പ്രളയത്തിൽ മല്ലപ്പള്ളി താലൂക്കിലും വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലെ ​ഗതാ​ഗതം തടസപ്പെട്ടു.


ഓ​ഗസ്റ്റ 1ന് ശനിയാഴ്ച പുലർച്ചയോടെയാണ് മിന്നൽ പ്രളയത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ വെള്ളം ഇരച്ചെത്തിയത്. ഇതോടെ പാലാ, ഈരാറ്റുപേട്ട, റാന്നി തുടങ്ങി മധ്യകേരളത്തിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളം വെള്ളത്തിലായി. മൂന്ന് ദിവസമായി അതിശക്തമായ മഴയാണ് വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തുടരുന്നത്.


ജൂലൈ 31ന് തന്നെ കേരളത്തിൽ മിന്നൽ പ്രളയത്തിനും, ഉരുൾപൊട്ടലിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയത് മുന്നറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നായിരുന്നു. മഴയെ തുടർന്ന് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം സർക്കാർ അവ​ഗണിച്ചതാണ് ഇന്ന് സംസ്ഥാനം നേരിടുന്ന ദുരിതത്തിന് പ്രധാന കാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home