പ്രധാനമന്ത്രിയെ കർഷകരുടെ ആവശ്യങ്ങൾ രേഖാമൂലം അറിയിക്കും: സംയുക്ത കിസാൻ മോർച്ച

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ രേഖാമൂലം പ്രധാനമന്ത്രിയെയും ഭരണാധികാരികളെയും അറിയിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ജൂലൈ 28ന് ഡൽഹിയിൽ നടന്ന എസ്‌കെഎമ്മിന്റെ ദേശീയ കൺവെൻഷനിൽ ഉയർന്നുവന്ന ഏഴ് ആവശ്യങ്ങളാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ രേഖാമുലം അറിയിക്കുക. പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിമാർ, സംസ്ഥാന പ്രതിപക്ഷ നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവർക്ക് ആഗസ്‌ത് പതിനേഴിന് എസ്‌കെഎം വൻ പ്രതിനിധി സംഘമായെത്തി നിവേദനം കൈമാറുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്ന് മാർച്ച് സംഘടിപ്പിക്കുമെന്നും എസ്‌കെഎം നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഴുവൻ സ്വതന്ത്ര്യ വ്യാപാര കരാറുകളും പിൻവലിക്കുക, വിളകൾക്ക് സ്വാമിനാഥൻ കമീഷൻ പ്രകാരമുള്ള താങ്ങുവില നൽകുക, ഗ്രാമീണ കടബാധ്യതയും കർഷകരുടേയും തൊഴിലാളികളുടേയും ആത്മഹത്യ അവസാനിപ്പിക്കുന്നതിനായി കടം എഴുതിത്തള്ളുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക, നാല് തൊഴിൽകോഡുകളും റദ്ദാക്കുക, തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കിയ തീരുമാനത്തിൽ നിന്ന് പിൻവാങ്ങി കൂലി 700 ആയും തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയും ഉയർത്തുക, വൈദ്യുതി മേഖല സ്വകാര്യവൽക്കരണ ബിൽ, വിത്തുബിൽ, ദേശീയ ഭക്ഷ്യ സുരക്ഷാ ഭേദഗതി നിയമം എന്നിവ പിൻവലിക്കുക, ബലപ്രയോഗത്തിലൂടെയും കോർപറേറ്റുകൾക്ക് വേണ്ടിയുമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് ഉയർത്തുന്നത്. ഇൗ ആവശ്യങ്ങളുന്നയുച്ച് രാജ്യവ്യാപകമായി നവംബർ 26ന് സമരം ആരംഭിക്കും.
ആഗസ്‌ത് പത്തിന് ജയിൽ നിറയ്‌ക്കൽ, ട്രെയിൻ തടയൽ, റോഡ് ഉപരോധ സമരം എന്നിവ സംഘടിപ്പിക്കുമെന്നും എസ്‌കെഎമ്മിന്റെ സംസ്ഥാന കൺവെൻഷനുകൾ വിളിച്ചുചേർക്കുമെന്നുംഎസ്‌കെഎം നേതാക്കള്‍ പറഞ്ഞു. പി കൃഷ്ണപ്രസാദ്, രാജൻ ക്ഷീരസാഗർ, പുരുഷോത്തം ശർമ, സത്യവാൻ, അവിക് സാഹ, രെവുല വെങ്കയ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










0 comments