ഇറാനുമായി പുതിയ ചർച്ചകൾ ഉടൻ ആരംഭിക്കും: ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായി പുതിയ ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമേൽ നടത്താനിരുന്ന കനത്ത ആക്രമണങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
ഇറാനിലെ ഉൗർജകേന്ദ്രങ്ങളിലേക്ക് അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തുമെന്നായിരുന്നു കഴിഞ്ഞദിവസത്തെ ഭീഷണി. എന്നാൽ, കരാർ ഉടനുണ്ടാകുമെന്ന ഉറപ്പിൽ ഇറാനിലേക്കുള്ള ആക്രമണം നിർത്തുന്നതായി ഞായറാഴ്ച ട്രംപ് അറിയിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ട്രംപിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് പിന്മാറ്റമെന്ന് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം, ആക്രമണം നിർത്തണമെന്ന് ഇറാനും അഭ്യർഥിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏകദേശ ധാരണയായെന്നും സമാധാനചർച്ച പരാജയപ്പെടുകയാണെങ്കിൽ ആക്രമണം പുനരാരംഭിക്കാൻ അമേരിക്ക സജ്ജമാണെന്നും പ്രസിഡന്റ് പറഞ്ഞു.










0 comments