പാണക്കാട് മണ്ണിടിച്ചിൽ: കൈരളി ടി വി വാർത്താസംഘം അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറം: പാണക്കാട് എടായ് പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കൈരളി ടി വി മലപ്പുറം വാർത്താസംഘം വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് നിന്ന് തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.
റിപ്പോർട്ടർ സ്വാലിഹ് ലൈവ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മലമുകളിൽ നിന്ന് വലിയ തോതിൽ മണ്ണും ചെളിയും കല്ലുകളും താഴേക്ക് പതിച്ചത്. അപകടസാധ്യത മനസ്സിലാക്കിയ വാർത്താസംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ശക്തമായ മണ്ണൊഴുക്കിൽ കാമറാമാൻ ജയേഷ് വില്ലോടിയും ഡ്രൈവർ സാഫത്തും ഏകദേശം 200 മീറ്ററോളം റോഡിലൂടെ ഒഴുകിപ്പോയി. സമീപത്തുണ്ടായിരുന്നവർ ഇടപെട്ടതും ഇവരുടെ സമയോചിതമായ ശ്രമവും മൂലമാണ് പുഴയിലേക്ക് ഒഴുകിപ്പോകാതെ രക്ഷപ്പെടാനായത്.
സംഭവത്തിൽ വാർത്താസംഘം ഉപയോഗിച്ചിരുന്ന ട്രൈപോഡ് കടലുണ്ടി പുഴയിലേക്ക് ഒലിച്ചുപോയി. കാമറയും ലൈവ് സംപ്രേഷണത്തിനായി ഉപയോഗിച്ചിരുന്ന വ്യൂ ഉപകരണവും പൂർണമായും ചെളിയിൽ മൂടി കേടുപാടുകൾ സംഭവിച്ചു.
"ഭാഗ്യം കൊണ്ടാണ് ഞങ്ങൾ ജീവൻ രക്ഷിച്ചത്. മണ്ണൊഴുക്കിൽപ്പെട്ട് പുഴയിലേക്ക് ഒഴുകിപ്പോകാതെ രക്ഷപ്പെടുകയായിരുന്നു," എന്ന് റിപ്പോർട്ടർ സ്വാലിഹ് പറഞ്ഞു.
കനത്ത മഴയെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അനാവശ്യ യാത്രകളും അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള പ്രവേശനവും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments