4 പേർ പിടിയിൽ
പ്രതികളെത്തേടി അർധരാത്രി മഫ്‌തിയിൽ പൊലീസ്; വീട്ടുകാരുമായി സംഘർഷം

കരുനാഗപ്പള്ളി
അർധരാത്രി പ്രതികളെ പിടിക്കാൻ മഫ്തിയിൽ എത്തിയ പൊലീസും വീട്ടിലെ സ്ത്രീകളും തമ്മിൽ സംഘർഷം. അടൂർ എസ്എച്ച്ഒ ജിനു, ഡിവൈഎസ്‌പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് എന്നിവർക്ക് പരിക്കേറ്റു. തലയ്ക്കും മൂക്കിനും പരിക്കേറ്റ അഭിലാഷ് ആശുപത്രിയിൽ ചികിത്സയിലാണ്. വനിതാ പൊലീസ് ഇല്ലാതെയാണ് പൊലീസ് സംഘം എത്തിയത്. സംഭവത്തിൽ മൂന്നു സ്‌ത്രീകൾ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്‌തു. ശൂരനാട് ചാത്തംകുളം റെജിൻ ഭവനിൽ റെജിൻ (26), പന്മന ചിറ്റൂർ രമ്യാ ഭവനിൽ രേഷ്മ (26), രമ്യ (30), ആലപ്പാട് ചെറിയഴീക്കൽ കന്നിൽ വീട്ടിൽ ഹർഷ (25) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചെന്നും പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത വധശ്രമക്കേസിലെ പ്രതികളായ റെജിൻ, അരുൺ എന്നിവരെ കണ്ടെത്താൻ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി കോഴിക്കോട്ടെ വാടകവീട്ടിൽ എത്തിയതാണ് അടൂർ ഡിവൈഎസ്‌പിയുടെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ്. പ്രതികളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും പ്രതികളും ചേർന്ന് മർദിച്ചതായി പൊലീസ് പറഞ്ഞു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പ്രതികളിൽ ഒരാളെ എസ്എച്ച്ഒ പിന്തുടർന്ന് പിടിച്ചു. രണ്ടാമനായ അരുൺ രക്ഷപ്പെട്ടു. കാറ്ററിങ് മേഖലയിൽ ഒരുമിച്ച് ജോലി ചെയ്തുവന്ന സൗഹൃദം മുതലെടുത്താണ് പ്രതികൾ സ്ത്രീകൾ താമസിച്ചിരുന്ന വീട്ടിൽ അഭയംതേടിയത്. കരുനാഗപ്പള്ളി സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അനിൽകുമാർ, എസ്ഐ പ്രദീപ്, എഎസ്ഐ ശ്രീകല, ഡബ്ല്യുസിപിഒ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊലീസ് സംഘം സ്ത്രീകളിൽ ഒരാളെ മർദിച്ചതായി പുറത്തുവന്ന വീഡിയോയിൽ സ്ത്രീകൾ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ ജിനുവിനെ സസ്പെൻഡ് ചെയ‍്തെന്നാണ് വിവരം.










0 comments