ഗോതുരുത്ത് വള്ളംകളി: പമ്പാവാസനും ജേതാക്കൾ

ഗോതുരുത്ത് വള്ളംകളിയിൽ എ ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ ഗരുഡൻ ഒന്നാമതെത്തുന്നു
പറവൂർ
ഇരുട്ടുകുത്തി വള്ളങ്ങൾ കുതിച്ചുപാഞ്ഞ ഗോതുരുത്ത് വള്ളംകളിയിൽ ഗരുഡനും പമ്പാവാസനും കിരീടം. എ ഗ്രേഡ് ഫൈനലിൽ ഈദെലിൻ ദിലിൻ കല്ലുങ്കൽ ക്യാപ്റ്റനായ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ തുഴഞ്ഞ ഗരുഡൻ, ചാത്തേടം ക്രിസ്‌തുരാജ ബോട്ട് ക്ലബ്ബിന്റെ താണിയനെ പരാജയപ്പെടുത്തി. ബി ഗ്രേഡിലെ കലാശപ്പോരിൽ മഞ്ഞനക്കാട് ബോട്ട് ക്ലബ്ബിന്റെ ചെറിയപണ്ഡിതനെ ഹരീഷ് ഇല്ലിക്കൽ ക്യാപ്റ്റനായ ബിബിസി ഇല്ലിക്കലിന്റെ പമ്പാവാസൻ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി.
കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി തിരുനാളിന്റെ ഭാഗമായി ഗോതുരുത്ത് ദി സ്പോർട്‌സ് ആൻഡ് ആർട്‌സ് ക്ലബ്ബാണ് വള്ളംകളി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വി ഡി സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്തു. വള്ളംകളി സംഘാടകനും മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റുമായിരുന്ന ഗോതുരുത്ത് സ്വദേശി ജിജോ ജോൺ പുത്തേഴത്തിന്റെ പേരിലാണ് ഇത്തവണ വള്ളംകളിയുടെ പവിലിയനും ഗാലറിയും ഒരുക്കിയിരുന്നത്.
ഗോതുരുത്ത് വള്ളംകളിയിൽ 50 വർഷം പൂർത്തിയാക്കിയ താണിയൻ ദി ഗ്രേറ്റ് വള്ളത്തെ ആദരിച്ചു. ഉപഹാരം മുഖ്യമന്ത്രിയിൽനിന്നു വള്ളത്തിന്റെ ഉടമകളായ ജോസി വെയിൽസ് താണിയത്ത്, ആൽബിൻ താണിയത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എസ്എസി പ്രസിഡന്റ് ബെഞ്ചമിൻ കളത്തിൽ അധ്യക്ഷനായി.
മൂത്തകുന്നം എച്ച്എംഡിപി സഭ പ്രസിഡന്റ് കെ വി അനന്തൻ പതാക ഉയർത്തി. കടൽവാതുരുത്ത് ഹോളിക്രോസ് പള്ളി വികാരി ഫാ. ജോയ് തേലക്കാട്ട് ട്രാക്ക് ആശീർവദിച്ചു. മന്ത്രി ഒ ജെ ജനീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഹൈബി ഈഡൻ എംപി, ഫാ. ജാക്സൻ വലിയപറമ്പിൽ, ബിജോയ് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ സൈജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി എ ഹരിദാസ്, കെ എസ് സനീഷ്, ചേന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസി സെബാസ്‌റ്റ്യൻ, ജില്ലാപഞ്ചായത്ത് അംഗം എം എ നിത്യ, ജോർജ് വർഗീസ്, ഷിപ്പി സെബാസ്‌റ്റ്യൻ, ആൽറിൻ കെ ജോബോയ്, ഷാലി ആന്റണി, ചേന്ദമംഗലം സഹകരണ ബാങ്ക് പ്രസിഡന്റ് വി എസ് ജയപ്രകാശ്, അഭിയേൽ ഷാജൻ എന്നിവർ സംസാരിച്ചു. മുൻ എംഎൽഎ ഇ ടി ടൈസൺ ജേതാക്കൾക്ക് ട്രോഫി നൽകി.










0 comments