ad
Deshabhimani

തിരമാലകളെ തോൽപ്പിച്ച്...

മനോജ്‌
avatar
സി എസ്‌ സുനിൽ

Published on Sep 21, 2026, 01:23 AM | 1 min read

തളിക്കുളം

മനോജ്‌ എന്ന മത്സ്യത്തൊഴിലാളി പലർക്കുമൊരു രക്ഷകനാണ്‌. ജീവനും മരണത്തിനുമിടയിൽ പിടയുന്നവരെ തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയ ആൾ. തമ്പാൻകടവ് ബീച്ചിലും പരിസരത്തും കടലിലെ തിരയിൽപ്പെട്ട്‌ മുങ്ങുന്നവരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരാനായി തന്റെ രക്ഷാകരങ്ങളുമായി ടി എസ് മനോജ് എന്ന മത്സ്യത്തൊഴിലാളിയായ തളിക്കുളത്തുകാരനുണ്ട്‌. തമ്പാൻകടവ് ബീച്ചിലും പരിസര പ്രദേശങ്ങളിലും കടലിലെ ശക്തമായ തിരയിൽപ്പെട്ട വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധിപേരെയാണ് മനോജ് ജീവൻ പണയംവച്ച്‌ രക്ഷിച്ചിട്ടുള്ളത്. കടലിൽ തിരയിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹം തിരികെ എത്തിക്കുന്നതും മനോജാണ്‌. മൃതദേഹം കടലിൽ ഒഴുകിപ്പോകുന്നത് കണ്ടാൽ മീൻ പിടിത്തത്തിന് ഉപയോഗിക്കുന്ന തന്റെ മച്ചുവ(പൊന്തു വഞ്ചി)യുമായി അവിടെയെത്തി വഞ്ചിയിൽ കയറ്റി കരയിലേക്കെത്തിക്കും. കടലിൽ ശക്തമായ തിരമാലകൾ വകവയ്‌ക്കാതെ നീന്തിച്ചെന്ന് ഒരുകൈ കൊണ്ട് ശരീരത്തോട് ചേർത്തുപിടിച്ച്‌ മൃതദേഹം എത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. പത്ത് വർഷം മുമ്പ്‌ കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട മഹാരാഷ്ട്ര സ്വദേശിയായ 15 വയസ്സുകാരനെയാണ് ആദ്യമായി മരണത്തിൽനിന്ന്‌ രക്ഷിച്ചത്. സ്‌നേഹതീരത്തിന് വടക്കുഭാഗം ഇടശേരി ബീച്ച് വരെയുള്ള പ്രദേശങ്ങളിലാണ് മനോജ് മീൻപിടിക്കുന്നത്. ഏതാനും ദിവസം മുമ്പ്‌ ഡൽഹി സ്വദേശിയായ യുവാവിന്റെ മൃതദേഹവും കരക്കെത്തിച്ചത് മനോജായിരുന്നു. കടലിന്റെ ആഴങ്ങളിൽ മറയുന്നവരെ തിരികെയെത്തിക്കുക എന്നത് തന്റെ കടമയായാണ് മനോജ് കാണുന്നത്. അതിനാലാണ്‌ ആരും അത്രവേഗം ചെല്ലാൻ മടിക്കുന്ന കടലിലേക്ക് രക്ഷാപ്രവർത്തനവുമായി ഇദ്ദേഹം എത്തുന്നത്. തളിക്കുളം ത്രിവേണി സ്വദേശിയായ മനോജ് 14–ാം വയസ്സ്‌ മുതൽ കടലിൽ പോയി മീൻപിടിച്ചാണ്‌ ജീവിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home