ad
Deshabhimani

print edition യുപിഎസ്‌സി ഇഎസ്‌ഇ വിജ്ഞാപനം; 480 എൻജിനിയർമാർക്ക്‌ അവസരം

Job vacancy
വെബ് ഡെസ്ക്

Published on Sep 21, 2026, 01:31 AM | 1 min read

കേന്ദ്ര സർക്കാർ വകുപ്പുകളിലെ വിവിധ ഗ്രൂപ്പ് ‘എ', ഗ്രൂപ്പ് ‘ബി' എൻജിനീയറിങ് തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (UPSC) എൻജിനിയറിങ് സർവീസസ് എക്സാമിനേഷൻ (ESE) 2027-ന് അപേക്ഷ ക്ഷണിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ഈ മത്സരപരീക്ഷയിലൂടെ വിവിധ എൻജിനിയറിങ് ശാഖകളിലായി 480 ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഭിന്നശേഷി വിഭാഗക്കാർക്കായി 19 ഒഴിവ്‌ സംവരണം ചെയ്തിട്ടുണ്ട്.


ഇന്ത്യയിലുടനീളമുള്ള വിവിധ റെയിൽവേ ബോർഡ് വകുപ്പുകൾ (IRMS), മിലിട്ടറി എൻജിനിയറിങ് സർവീസ് (MES), ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO), സെൻട്രൽ വാട്ടർ എൻജിനിയറിങ് സർവീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലുമാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നോ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എന്നിവയിലൊന്നിൽ നേടിയ എൻജിനിയറിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത.


അവസാനവർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി: 21–30. നിയമാനുസൃത ഇളവ് ലഭിക്കും. മൂന്ന് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് രീതിയിലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുന്നത്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ അടങ്ങിയ സ്റ്റേജ്- 1 പ്രിലിമിനറി പരീക്ഷ (500 മാർക്ക്), ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള സ്റ്റേജ്- 2 മെയിൻ പരീക്ഷ (600 മാർക്ക്), സ്റ്റേജ് -3 പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ (200 മാർക്ക്) എന്നിവയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവ പ്രിലിമിനറി പരീക്ഷാ കേന്ദ്രങ്ങളാണ്.


മെയിൻ പരീക്ഷയ്ക്ക് കേരളത്തിലെ ഏക കേന്ദ്രം തിരുവനന്തപുരം ആയിരിക്കും. പൊതുവിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് 200 രൂപയാണ് അപേക്ഷാഫീസ്. വനിതകൾ, എസ്‌സി, എസ്‌ടി, ഭിന്നശേഷിക്കാർ എന്നീ വിഭാഗക്കാർക്ക് ഫീസ് ഇളവുണ്ട്. നെറ്റ് ബാങ്കിങ്‌, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, UPI എന്നിവ വഴി ഫീസ് അടയ്ക്കാം. https://upsconline.nic.in വഴി അപേക്ഷിക്കണം. അവസാന തീയതി ഒക്ടോബർ ആറ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home