ആശ്രാമം ലിങ്ക് റോഡ്
ലീഗ് നേതാവിന്റെ കൺവൻഷൻ സെന്ററിനായി ഡിവൈഡർ പൊളിച്ചു


സ്വന്തം ലേഖകൻ
Published on Sep 21, 2026, 12:47 AM | 1 min read
കൊല്ലം
ലീഗ് നേതാവിന്റെ പേരിലുള്ള കൺവൻഷൻ സെന്ററിനും പൊതുമരാമത്ത് ഉദ്യോഗസ്ഥനുമായി ആശ്രാമം ലിങ്ക് റോഡിലെ ഡിവൈഡർ ഇടച്ചുപൊളിച്ച് പിഡബ്ല്യുഡി വകുപ്പ്. കൊല്ലം ആശ്രാമം ലിങ്ക് റോഡിൽ മൈതാനത്തിന് വടക്കുഭാഗത്താണ് സംഭവം. ഇവിടെയുള്ള യൂനുസ് കൺവൻഷൻ സെന്ററിൽ എത്തുന്ന വലിയ വാഹനങ്ങൾക്ക് യഥേഷ്‌ടം യൂടേൺ എടുത്തു പോകുന്നതിനുവേണ്ടിയാണിത്. ഇതിനടുത്തായി താമസിക്കുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥന്റെ ട്രാവലറിന് വന്നുപോകാനും കൂടിയാണ് ഡിവൈഡർ പൊളിച്ചത്. കൺവൻഷൻ സെന്ററിന് സമീപത്ത് നിലവിൽ വാഹനം തിരിയാൻ ഡിവൈഡർ തുറന്നിട്ടിരിക്കുകയാണ്. ഇൗ ഭാഗത്തെ വീതി 15 മീറ്ററായി വർധിപ്പിക്കുന്നതിനാണ് ഡിവൈഡർ ഇടിച്ചത്. എന്നാൽ, കൺവൻഷൻ സെന്ററിനായി ഡിവൈഡർ 15 മീറ്ററും കഴിഞ്ഞ് വീണ്ടും പൊളിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ എതിർത്തു. ഇതോടെ ഡിവൈഡറിന്റെ കൂടുതൽ ഭാഗം പൊളിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം പൊളിഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നിർദേശപ്രകാരം കൊല്ലത്തെ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നേരിട്ടുവന്നുനിന്നാണ് ഡിവൈഡർ പൊളിച്ചത്. ലീഗ് ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ യൂനുസ്‌കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ളതാണ് കൺവൻഷൻ സെന്റർ. അദ്ദേഹത്തിന്റെ മരണശേഷം മകന്റെ മേൽനോട്ടത്തിലാണ് കൺവൻഷൻ സെന്റർ പ്രവർത്തിക്കുന്നത്. മകൻ ലീഗ് ജില്ലാ പ്രസിഡന്റാണ്. നിലവിൽ സെന്ററിന്റെ രണ്ട് ഭാഗത്തായി റോഡ് മുറിച്ചുകടക്കാനും വാഹനങ്ങൾ തിരിഞ്ഞുപോകാനും ഡിവൈഡർ കട്ടുചെയ്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡിൽനിന്ന് വാഹനങ്ങൾ സെന്ററിന്റെ അകത്തുകയറുന്നതിനും തിരികെപ്പോകുന്നതിനും തടസ്സമില്ല. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ഡിവൈഡർ പൊളിക്കാനുള്ള നീക്കമാരംഭിച്ചിരുന്നു. തുടർന്ന് ലീഗുകാരനായ വകുപ്പുമന്ത്രിതന്നെ ഇതിന് നിർദേശം നൽകിയെന്നാണ് സൂചന. ഡിവൈഡറിന്റെ കൂടുതൽ ഭാഗം നീക്കംചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിഡബ്ല്യുഡി പിൻമാറിയിട്ടില്ല. തീരുമാനം നടപ്പാക്കാൻ ലീഗ് നേതാക്കൾ മന്ത്രി ഓഫീസിലും സമ്മർദം തുടരുകയാണ്. ഇതിനുപിന്നിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥനുമുണ്ട്. അതിനിടെ സമീപത്തെ ജില്ലാ ആയുർവേദ ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും വാഹനങ്ങൾ വന്നുപോകുന്നിടത്ത് ഡിവൈഡർ 15 മീറ്ററിൽ കട്ടുചെയ്യാൻ പിഡബ്ല്യൂഡി ഉദ്യേഗാസ്ഥർക്ക് താൽപ്പര്യമില്ല.










0 comments