ad
Deshabhimani

print edition നിശബ്‌ദം ഇറ്റലി: ഇറ്റലി തുടർച്ചയായ മൂന്നാംതവണയും ലോകകപ്പിനില്ല

Italy Football
വെബ് ഡെസ്ക്

Published on Apr 02, 2026, 12:34 AM | 2 min read

സെനിക്ക (ബോസ്‌നിയ): ലോക ഫുട്‌ബോളിൽ ഒറ്റത്തുരുത്തായി ഇറ്റലി മാറുന്നു. 48 ടീമുകളുടെ ലോകകപ്പിലും മുൻ ചാന്പ്യൻമാർക്ക്‌ ഇടമില്ല. തുടർച്ചയായ മൂന്നാം തവണയാണ്‌ യോഗ്യത കാണാതെ പുറത്താകുന്നത്‌. പ്ലേ ഓഫ്‌ ഫൈനലിൽ ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിനയോട്‌ ഷൂട്ട‍‍ൗട്ടിൽ തോറ്റു. 4–1ന്റെ ജയത്തോടെ 2014നുശേഷം ആദ്യമായി ബോസ്‌നിയ ലോകകപ്പിനെത്തി. നിശ്‌ചിത സമയത്തും അധിക സമയത്തും കളി 1–1ന്‌ പിരിഞ്ഞു.


ഇറ്റലി നാല്‌ തവണയാണ്‌ ലോകകപ്പ്‌ നേടിയത്‌. മറ്റൊരു മുൻ ചാന്പ്യൻമാർക്കും ഇതുപോലൊരു പതനം സംഭവിച്ചിട്ടില്ല. 2006ൽ ജേതാക്കളായ അസൂറികൾ 2010ലും 2014ഉം ആദ്യ റ‍ൗണ്ടിൽ പുറത്തായി. 2018, 2022 വർഷങ്ങളിൽ പ്ലേ ഓ-ഫിൽ മടങ്ങി. 2026ൽ അതിന്റെ ആവർത്തനം. 2006ലെ ചാന്പ്യൻ ടീമിൽ മധ്യനിരക്കാരനായിരുന്ന ഗെന്നരോ ഗെട്ടൂസോയായിരുന്നു ഇക്കുറി ടീമിന്റെ പരിശീലകൻ. സെമിയിൽ വടക്കൻ അയർലൻഡിനെ തോൽപ്പിച്ച്‌ മുന്നേറിയ ഗെട്ടൂസോയ്‌ക്ക്‌ സ്വപ്‌നം പൂ‍ർത്തിയാക്കാനായില്ല.


നാൽപ്പതുകാരൻ ക്യാപ്‌റ്റൻ എഡിൻ സെക്കോയായിരുന്നു ബോസ്‌നിയയുടെ താരം. കളിയിൽ ബോസ്‌നിയയുടെ എല്ലാ ചലനങ്ങൾക്കുപിന്നിലും സെക്കോയുടെ കാലുകളുണ്ടായിരുന്നു. സെക്കോയുടെ മികവിലാണ്‌ 2014ലും മുന്നേറിയത്‌. ചരിത്രത്തിൽ രണ്ട്‌ തവണ മാത്രമാണ്‌ യോഗ്യത. ലോകകപ്പ്‌ ഗ്രൂപ്പ്‌ ബിയിൽ കാനഡ, ഖത്തർ, സ്വിറ്റ്‌സർലൻഡ്‌ ടീമുകൾക്കൊപ്പമാണ്‌ ബോസ്‌നിയ.


ബോസ്‌നിയയുടെ തട്ടകത്തിൽ ആത്മവിശ്വാസത്തോടെയാണ്‌ ഇറ്റലി തുടങ്ങിയത്‌. കളി തുടങ്ങി പതിനഞ്ചാം മിനിറ്റിൽ ലീഡ്‌. നിക്കോളോ ബരെല്ലയുടെ നീക്കത്തിൽ മോയ്‌സ്‌ കീൻ ലക്ഷ്യം കണ്ടു. ഇറ്റലി ആഘോഷിച്ചു. പക്ഷേ, തിരിച്ചടിയുടെ നിമിഷങ്ങളായിരുന്നു പിന്നെ. ബോസ്‌സിയൻ വിങ്ങർ അമർ മെമിച്ചിനെ ഗുരുതരമായി ‍ഫ‍ൗൾ ചെയ്‌ത പ്രതിരോധക്കാരൻ അലെസാൻഡ്രോ ബസ്‌റ്റോണി ചവുട്ടിവീഴ്‌ത്തുന്പോൾ ആദ്യപകുതി അവസാനിക്കാൻ നാല്‌ മിനിറ്റായിരുന്നു ബാക്കി. ശേഷിച്ച സമയം പത്തുപേരായി കളിക്കേണ്ടിവന്നതിന്റെ ബുദ്ധിമുട്ട്‌ ഇറ്റലി അനുഭവിച്ചു. ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയുടെ പ്രകടനമാണ്‌ കാത്തത്‌. പക്ഷേ, 79–ാം മിനിറ്റിൽ സെക്കോയുടെ ഹെഡർ ദൊന്നരുമ്മ കുത്തിയകറ്റിയെങ്കിലും പന്ത്‌ ഹാരിസ്‌ ടബകോവിച്ച്‌ വലയിലേക്ക്‌ തന്നെവിട്ടു. കളി അധികസമയത്തേക്ക്‌. പിന്നെ ഷ‍ൂട്ട‍ൗട്ടിൽ. -ഫ്രാൻസിസ്‌കോ എസ്‌പോസിറ്റോ, ബ്രയാൻ ക്രിസ്‌റ്റന്റെ എന്നിവരുടെ കിക്കുകൾ പാഴായതോടെ ഇറ്റലി കരഞ്ഞു. സാൻഡ്രോ ടൊണാലി മാത്രമാണ്‌ ലക്ഷ്യം കണ്ടത്‌. മറുവശത്ത്‌ ബോസ്‌നിയ നാലും വലയിലിട്ടു.


സ്വീഡൻ, തുർക്കി, ചെക്ക്‌ മുന്നോട്ട്‌


യൂറോപ്യൻ യോഗ്യതാ റ‍ൗണ്ടിൽ തകർന്നടിഞ്ഞ സ്വീഡൻ ലോകകപ്പിന്‌. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെ 3–2നാണ്‌ കീഴടക്കിയത്‌. വിക്ടർ യോക്കറെസ്‌ അവസാന നിമിഷം നേടിയ ഗോളിലായിരുന്നു ജയം. തുർക്കി കൊസോവോയെ 1–0ന് വീഴ്‌ത്തി. ഡെൻമാർക്കിനെ തകർത്താണ്‌ ചെക്കിന്റെ മുന്നേറ്റം. ഷ‍ൂട്ട‍ൗട്ടിൽ 3–1നാണ്‌ ജയിച്ചത്‌. നിശ്‌ചിതസമയത്തും അധിക സമയത്തും കളി 2–2നാണ്‌ അവസാനിച്ചത്‌.


ഇറാഖ്‌, കോംഗോ ലോകകപ്പിന്‌


ഇറാഖും കോംഗോയും ഫുട്‌ബോൾ ലോകകപ്പിന്‌. ഇന്റർ കോണ്ടിനെന്റൽ പ്ലേ ഓ-ഫ്‌ ഓഫ്‌ ഫൈനലിൽ ജമൈക്കയെ അധികസമയക്കളിയിൽ 1–0ന്‌ തോൽപ്പിച്ചാണ്‌ കോംഗോയുടെ മുന്നേറ്റം. ഏഷ്യൻ ടീമായ ഇറാഖ്‌ ലാറ്റിനമേരിക്കൻ സംഘമായ ബൊളീവിയയെ 2–1നാണ്‌ തോൽപ്പിച്ചത്‌.

ജമൈക്കയ്‌ക്കെതിരെ പ്രതിരോധക്കാരൻ അക്‌സെൽ ട‍ൗൻസെബെയാണ്‌ ആഫ്രിക്കൻ ടീമായ കോംഗോയ്‌ക്കായി ഗോൾ നേടിയത്‌.

ആവേശകരമായ കളിയിൽ അലി അൽ ഹമാദിയുടെയും അയ്‌മെൻ ഹുസൈനും നേടിയ ഗോളുകളിലാണ്‌ ഇറാഖ്‌ ബൊളീവിയയെ തോൽപ്പിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home