print edition അർജന്റീനയ്‌ക്ക് തോൽവി; ഓസ്‌ട്രേലിയ രണ്ട് ഗോളിന് തോൽപ്പിച്ചു

Photo: Getty Images
ദോഹ: കിരീടം ലക്ഷ്യമിട്ടെത്തിയ അർജന്റീനയുടെ കൗമാരപ്പടയ്‌ക്ക് ഓസ്‌ട്രേലിയയുടെ ഷോക്ക്. അണ്ടർ 17 ലോകകപ്പ് ഫുട്‌ബോളിൽ ലാറ്റിനമേരിക്കൻ കരുത്തരെ രണ്ട് ഗോളിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ അരങ്ങേറി.
അൽവാരോ ഗുയ്‌ച്ചിയുടെ പിഴവുഗോളിൽ ലീഡ് നേടിയ സംഘം അകോൽ അകോനിലൂടെ ജയമുറപ്പിച്ചു. പരിക്കുസമയം ബെഞ്ചമിൻ വല്ലെഹോ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയത് അർജന്റീനയ്‌ക്ക് മറ്റൊരു തിരിച്ചടിയായി. ഏഴു വർഷത്തിനുശേഷമാണ് ഓസ്‌ട്രേലിയ കൗമാര ലോകകപ്പിനെത്തുന്നത്.
ദോഹയിലെ ആസ്‌പയർ സോണിൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തുന്ന പ്രകടനമായിരുന്നു ഓസ്‌ട്രേലിയയുടേത്. ലോകഫുട്‌ബോളിലെ പവർ ഹൗസുകളായ അർജന്റീനയ്‌ക്കെതിരെ ആത്മധൈര്യത്തോടെ പൊരുതി. പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം എതിരാളി മേധാവിത്തം പുലർത്തിയിട്ടും വിട്ടുകൊടുത്തില്ല. രണ്ടാംപകുതിയിൽ രണ്ട് ഗോളടിച്ച് ജയം റാഞ്ചി. ഓസ്‌ട്രേലിയൻ ലീഗിൽ സിഡ്‌നി എഫ്‌സിക്കായി കളിക്കുന്ന പതിനേഴുകാരൻ അകോലാണ് വിജയശിൽപ്പി. അറുപതാം മിനിറ്റിൽ ഇൗ വിങ്ങറുടെ ഷോട്ട് ഗുയിച്ചിയുടെ ദേഹത്ത് തട്ടി ഗോളായി. 11 മിനിറ്റിനുള്ളിൽ വലകുലുക്കുകയും ചെയ്‌തു അകോൻ. ഓസ്‌ട്രേലിയയുടെ അണ്ടർ 23 താരം കൂടിയാണ്.
ഗ്രൂപ്പ് സിയിൽ മൊസാംബിക്കുമായാണ് അർജന്റീനയുടെ അടുത്ത മത്സരം. ഓസ്‌ട്രേലിയ ഡെൻമാർക്കിനെ നേരിടും. മറ്റ് മത്സരങ്ങളിൽ ഫ്രാൻസ് 3–1ന് ഹെയ്‌ത്തിയെയും ഉറുഗ്വായ് 3–2ന് സൗദി അറേബ്യയെയും തോൽപ്പിച്ചു. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ഡിസംബർ 13നാണ്. പോർച്ചുഗലാണ് നിലവിലെ ചാമ്പ്യൻമാർ.









0 comments