print edition ആസ്റ്റൺ വില്ല യൂറോപ ലീഗ് ഫുട്ബോൾ ചാമ്പ്യൻമാർ; സന്തോഷ ‘വില്ല’

യൂറോപ ലീഗ് ട്രോഫിയുമായി ആസ്റ്റൺ വില്ല ടീമിന്റെ ആഘോഷം
ഇസ്‌താംബുൾ: മുപ്പത് വർഷത്തിനുശേഷം ആസ്‌റ്റൺ വില്ലയിൽ സന്തോഷമെത്തി. ഫ്രെയ്‌ബർഗിനെ മൂന്ന് ഗോളിന് തരിപ്പണമാക്കി യൂറോപ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻമാരായി. 1996ൽ ഇംഗ്ലീഷ് ലീഗ് കപ്പ് നേടിയശേഷമുള്ള ആദ്യ കിരീടമാണ്.
യൂറി ടിയെലെമൻസ്, എമി ബുവെൻഡിയ, മോർഗൻ റോജേഴ്‌സ് എന്നിവർ ഗോളടിച്ചു. 44 വർഷത്തിനുശേഷമാണ് ഒരു യൂറോപ്യൻ ചാമ്പ്യൻഷിപും നേടുന്നത്. വില്ല പരിശീലകൻ ഉനായ് എമെറിയുടെ അഞ്ചാം യൂറോപ ലീഗാണിത്. മൂന്നെണ്ണം സെവിയ്യക്കൊപ്പവും ഒരെണ്ണം വിയ്യാറയലിനൊപ്പവുമാണ്.
ഇസ്‌താംബുളിലെ തുപ്രാഷ് സ്‌റ്റേഡിയത്തിൽ വില്ലയ്‌ക്കായിരുന്നു ആധിപത്യം. തുടക്കത്തിലെ ഒരുമയോടെ പന്തുതട്ടി അവർ മുന്നേറി. 17 മിനിറ്റുകളുടെ ഇടവേളയിലായിരുന്നു മൂന്ന് ഗോളും.
വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിക്കുമായാണ് കളത്തിലിറങ്ങിയത്. കൈവിരലിന് ചെറിയ പൊട്ടലുണ്ടായെന്ന് താരം മത്സരശേഷം പറഞ്ഞു. കളിജീവിതത്തിൽ ഇറങ്ങിയ ഏഴ് ഫൈനലിലും എമിലിയാനോ കിരീടമുയർത്തി.










0 comments