ഇരുപാദത്തിലുമായി അഴ്സണലിന്റെ ജയം
കോട്ടയിൽ എരിഞ്ഞു ; രണ്ടാം പാദത്തിലും റയൽ മാഡ്രിഡിന് തോൽവി

റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ കടന്ന അഴ്സണൽ താരങ്ങളുടെ ആഹ്ലാദം
മാഡ്രിഡ് : എത്രയോ തിരിച്ചുവരവുകൾക്ക് സാക്ഷിയായ സാന്റിയാഗോ ബെർണബ്യൂ സ്‌റ്റേഡിയത്തിൽ റയൽ മാഡ്രിഡ് നിഴലായി. ആളും ആരവവുമായി തിരിച്ചടിക്കൊരുങ്ങിയ റയലിനെ അഴ്‌സണലിന്റെ പീരങ്കിപ്പട എരിച്ചുകളഞ്ഞു. എതിർപ്പിന്റെ ചെറുവിരലുപോലും അനക്കാനാവാതെ ദയനീയ കീഴടങ്ങൽ. രണ്ടാംപാദത്തിൽ 2–-1ന്റെ തോൽവി. ഇരുപാദങ്ങളിലുമായി 5–-1ന്റെ ആധിപത്യത്തോടെ അഴ്‌സണൽ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമിയിലേക്ക് കുതിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന് 2009നുശേഷമുള്ള ആദ്യ സെമിയാണ്. നിലവിലേതടക്കം 15 തവണ കിരീടമുയർത്തിയ റയൽ സെമി കാണാതെ മടങ്ങിയത് ആരാധകരെ ഞെട്ടിച്ചു.
സ്വന്തംതട്ടകത്തിൽ അമിത ആത്മവിശ്വാസം റയലിന് വിനയായി. ആദ്യപാദത്തിൽ മൂന്ന് ഗോളിന് തോറ്റതിന്റെ ക്ഷീണംതീർക്കുമെന്ന് ഉറപ്പിച്ച് ‘തിരിച്ചുവരും ഞങ്ങൾ’ എന്ന ബാനറുകളും മുദ്രാവാക്യങ്ങളുമായി ഒഴുകിയെത്തിയ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ ടീമിനായില്ല. 79,000 പേരെ ഉൾക്കൊള്ളുന്ന സ്‌റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. അഴ്‌സണലിനെ സമ്മർദത്തിലാക്കാൻ സ്‌റ്റേഡിയത്തിന്റെ മേൽക്കൂര അടയ്‌ക്കുകയും ചെയ്‌തു. ആരാധകരുടെ ആവേശം കൂടുതൽ മുഴങ്ങിക്കേൾക്കാനായിരുന്നു ഈ തന്ത്രം. എന്നാൽ കളത്തിനുപുറത്തുള്ള ഈ വിദ്യകളൊന്നും റയലിനെ കാത്തില്ല. തുടക്കം ആക്രമിച്ച് കളിച്ചെങ്കിലും പതിയെ പന്തും കളിയും കാലിൽനിന്ന് വഴുതി. 13–-ാം മിനിറ്റിൽ ബുകായോ സാക്കയുടെ പെനൽറ്റി തടഞ്ഞ് ഗോൾകീപ്പർ തിബൗ കുർട്ടോ കാണിച്ച വീര്യം സഹതാരങ്ങൾക്കുണ്ടായില്ല.
പെനൽറ്റി പാഴാക്കിയതിലെ പ്രായശ്ചിത്തം ഇടവേള കഴിഞ്ഞപ്പോൾ സാക്ക തീർത്തു. സുന്ദരഗോളിലൂടെ അഴ്‌സണലിനെ മുന്നിലെത്തിച്ചു. ഇതോടെ ഇരുപാദ സ്‌കോർ 4–-0. രണ്ട് മിനിറ്റിനുള്ളിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ തിരിച്ചടിച്ചു. അതോടെ നേരിയ പ്രതീക്ഷയുണ്ടായെങ്കിലും അഴ്‌സണൽ പ്രതിരോധം കീഴടങ്ങിയില്ല. ഒടുവിൽ പരിക്കുസമയം ഗബ്രിയേൽ മാർട്ടിനെല്ലി വമ്പൻമാരുടെ കഥ കഴിച്ചു. ഗോളടിക്കാൻ പ്രധാന താരമില്ലാത്തതും പ്രതിരോധത്തിലെ മൂന്ന് കരുത്തർ പരിക്കേറ്റ് പുറത്തായതുമൊന്നും അഴ്‌സണലിനെ ബാധിച്ചില്ല. പരിശീലകൻ മൈക്കേൽ അർടേറ്റയ്‌ക്ക് കീഴിൽ സംഘശക്തിയോടെ കളിക്കാനായി. മറുഭാഗത്ത് ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച കോച്ചായ റയലിന്റെ കാർലോ ആൻസെലോട്ടിക്ക് തന്ത്രങ്ങളെല്ലാം പിഴച്ചു.
ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമി ലൈനപ്പായി. അഴ്‌സണലിന് പിഎസ്‌ജിയും ബാഴ്‌സലോണയ്‌ക്ക് ഇന്റർ മിലാനുമാണ് എതിരാളി. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്‌പെയ്‌ൻ, ഇറ്റലി രാജ്യങ്ങളിൽനിന്നുള്ള ക്ലബ്ബുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്. ഏപ്രിൽ 29ന് അഴ്‌സണലിന്റെ തട്ടകത്തിലാണ് പിഎസ്‌ജിയുമായുള്ള ആദ്യപാദ സെമി. മെയ് ഏഴിന് രണ്ടാംപാദം. ഏപ്രിൽ 30ന് ബാഴ്‌സ മിലാന്റെ ആതിഥേയരാകും. മെയ് ആറിന് മിലാനിലാണ് അടുത്ത സെമി. മെയ് 31ന് മ്യൂണിക്കിലാണ് ഫൈനൽ.









0 comments