അഴ്‌സണൽ ഞെട്ടി: വെസ്‌റ്റ്‌ഹാം യുണൈറ്റഡിനോട് തോൽവി

വെസ്റ്റ്ഹാമിനോട് തോറ്റപ്പോൾ അഴ്സണൽ കോച്ച് അർടേറ്റയുടെ നിരാശ . photo credit: Facebook
ലണ്ടൻ: അഴ്‌സണലിന്റെ കിരീടപ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്‌റ്റ്‌ഹാം യുണൈറ്റഡ് ഒറ്റ ഗോളിന് അഴ്‌സണലിനെ വീഴ്‌ത്തുകയായിരുന്നു. ഇതോടെ ഒന്നാമതുള്ള ലിവർപൂളിനെക്കാൾ എട്ട് പോയിന്റ് പിന്നിലായി അഴ്‌സണൽ. ചെൽസിക്കും അടിതെറ്റി. 2–-1ന് ആസ്‌റ്റൺ വില്ലയാണ് ചെൽസിയെ തകർത്തത്. മാഞ്ചസ്‌റ്റർ യുണൈറ്റഡ് എവർട്ടണുമായി സമനിലയോടെ രക്ഷപ്പെട്ടു (2–-2).
ലിവർപൂളുമായുള്ള അന്തരം കുറയ്‌ക്കാനിറങ്ങിയ അഴ്‌സണലിന് പ്രതീക്ഷിച്ച ഫലമല്ല കിട്ടിയത്. സ്വന്തംതട്ടകത്തിൽ കാലിടറി. പതിനാറാംസ്ഥാനത്തുള്ള വെസ്‌റ്റ്‌ഹാം യുണൈറ്റഡിനുമുന്നിൽ വിറച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജെറോഡ് ബോവെൻ ഹെഡറിലൂടെ അഴ്‌സണലിനെതിരെ വെസ്‌റ്റ്‌ഹാമിന്റെ വിജയഗോൾ നേടി. ഇതിനിടെ മറ്റൊരു തിരിച്ചടിയായി പ്രതിരോധക്കാരൻ മൈൽസ് ലൂയിസ് സ്‌കെല്ലിയുടെ ചുവപ്പ് കാർഡും. സീസണിൽ അഴ്‌സണലിന്റെ അഞ്ചാമത്തെ ചുവപ്പുകാർഡാണിത്. മറ്റു ടീമുകളെക്കാൾ രണ്ടെണ്ണം കൂടുതൽ. പരിശീലകൻ മിക്കേൽ അർടേറ്റയ്‌ക്കെതിരെ ഇക്കാര്യത്തിൽ വിമർശമുയരുന്നുണ്ട്.
ജനുവരിയിലെ താരകൈമാറ്റ ജാലകത്തിൽ ഒരു സ്‌ട്രൈക്കറെ സ്വന്തമാക്കത്തതിലും അസ്വാരസ്യമുണ്ട്. വെസ്‌റ്റ്ഹാമിനെതിരായ കളിയിൽ സ്‌ട്രൈക്കറുടെ അഭാവം പ്രകടമായി. ആകെ രണ്ടുതവണ മാത്രമാണ് ലക്ഷ്യത്തിലേക്ക് അടി പായിച്ചത്. കയ് ഹവേർട്‌സ്, ബുകായോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ ജെസ്യൂസ് എന്നിവരുടെ അഭാവത്തിൽ മുന്നേറ്റം തീർത്തും ദുർബലമായി. ആസ്‌റ്റൺ വില്ലയോട് എൺസോ ഫെർണാണ്ടസിന്റെ ഗോളിൽ ചെൽസി മുന്നിലെത്തിയതാണ്. എന്നാൽ, മാർകോ അസെൻസിയോയുടെ ഇരട്ടഗോൾ വില്ലയ്‌ക്ക് ജയമൊരുക്കി.









0 comments