ചാമ്പ്യൻസ് ലീഗ്: റയലിനെ തുരത്തി അഴ്‌സണൽ; ബയേണെ വീഴ്ത്തി ഇന്റർ മിലാൻ

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ ആദ്യപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ തുരത്തി അഴ്‌സണൽ മുന്നേറ്റം. അഴ്‌സണലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ടീം റയലിനെ തളച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്. ഡെക്ലാൻ റൈസ് ഇരു ഗോളുകളും മൈക്കൽ മെറിനോ ഒരു ഗോളും നേടി.
58-ാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായി ഡെക്ലാൻ റൈസ് പോസ്റ്റിലെത്തിക്കുകയായിരുന്നു. വളഞ്ഞെത്തിയ പന്ത് നോക്കി നിൽക്കാനെ ഗോളിക്കായുള്ളൂ. ലീഡ് നേടിയതോടെ ആഴ്‌സണസൽ കൂടുതൽ ശക്തമായ മുന്നേറ്റം നടത്തി. റയൽ ഗോളിയുടെ മികവാണ് ഗോളുകൾ അകറ്റി നിർത്തിയത്. 70-ാം മിനിറ്റിൽ സമാനമായ ഫ്രീകിക്ക് ഗോളിലൂടെ ഡെക്ലാൻ റൈസ് ടീം ലീഡ് വീണ്ടും ഉയർത്തുകയായിരുന്നു. 75-ാം മിനിറ്റിൽ മൈക്കൽ മെറിനോയിലൂടെ ആഴ്‌സണൽ ആദിപത്യം ഉറപ്പിച്ചു.
കളിയുടെ അവസാന നിമിഷം രണ്ടു മഞ്ഞകാർഡ് കണ്ട് ചുവപ്പുകാർഡ് നേടി റയൽ താരം എഡ്വേർഡ് കാമവിംഗ പുറത്തായി. പതിനാറാം കിരീടം ലക്ഷ്യമിട്ട് കളിക്കുന്ന റയലിന് കാര്യങ്ങൾ ഇനിഅത്ര സുഖകരമാവില്ല. ഏപ്രിൽ 16ന് റയൽ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം.
മറ്റൊരു കളിയിൽ ബയേൺ മ്യൂണിക്കിനെ ഇന്റർ മിലാൻ 2-1ന് വീഴ്ത്തി. ബയേൺ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 38-ാം മിനിറ്റിൽ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസിലൂടെയാണ് ഇന്റർ മിലാൻ ലീഡ് നേടിയത്. 85-ാം മിനിറ്റിൽ തോമസ് മുള്ളർ ബയേണിനായി സമനിലപിടിച്ചു. 88-ാം മിനിറ്റിൽ ഡേവിഡ് ഫ്രെട്ടെസി നേടിയ ഗോളിലൂടെ മിലാൻ നിർണായക വിജയം നേടുകയായിരുന്നു.









0 comments