ജയത്തോടെ കുതിപ്പ് തുടർന്ന് അഴ്‌സണൽ: സിറ്റിക്ക് സമനില; യുണൈറ്റഡിന് തോൽവി

PHOTO: AFP
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയകുതിപ്പ് തുടർന്ന് അഴ്‌സണൽ. ബ്രൈറ്റണെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അഴ്‌സണൽ തങ്ങളുടെ ലീഡ് ഏഴ് പോയിന്റായി ഉയർത്തി. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ നോട്ടിംഗ്ഹാം ഫോറസ്റ്റ് 2-2 സമനിലയിൽ തളച്ചു. പ്രീമിയർ ലീഗ് കിരീടത്തിലേക്ക് അഴ്‌സണൽ കുതിക്കുമ്പോൾ, രണ്ടാം സ്ഥാനക്കാരായ സിറ്റിക്ക് സമനില വലിയ തിരിച്ചടിയായി.
ബുകായോ സാക്കയുടെ ഗോളിലാണ് അഴ്‌സണലിന്റെ ജയം. തന്റെ 300-ാം മത്സരത്തിനിറങ്ങിയ സാക്ക കളിയുടെ ഒമ്പതാം മിനിറ്റിൽ തന്നെ ടീമിന് ലീഡ് നൽകി. ബ്രൈറ്റൺ പന്തടക്കത്തിലും ഷോട്ടുകളിലും മുന്നിട്ടുനിന്നെങ്കിലും ഒടുവിൽ 1-0ന് ആഴ്സണൽ ജയം പിടിച്ചെടുത്തു. അതേസമയം ലീഡ് നേടിയ ശേഷമാണ് സിറ്റി സമനിലയിൽ കുരുങ്ങിയത്.
അന്റോയിൻ സെമന്യോയുടെ ഗോളിലൂടെ ആദ്യ പകുതിയിൽ ടീം മുന്നിലെത്തിയിരുന്നു. എന്നാൽ 56-ാം മിനിറ്റിൽ മോർഗൻ ഗിബ്സ് വൈറ്റിലൂടെ നോട്ടിംഗ്ഹാം ഫോറസ്റ്റ് സമനില പിടിച്ചു. തൊട്ടുപിന്നാലെ റോഡ്രിയിലൂടെ സിറ്റി വീണ്ടും ലീഡ് നേടിയെങ്കിലും തളരാതെ പോരാടിയ നോട്ടിംഗ്ഹാം ഫോറസ്റ്റ് എലിയറ്റ് ആൻഡേഴ്സന്റെ ഗോളിലൂടെ നിർണ്ണായകമായ ഒരു പോയിന്റ് സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ ഇടക്കാല പരിശീലകൻ മൈക്കേൽ കാരിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ തോൽവി വഴങ്ങി. ന്യൂകാസിൽ 2-1 നാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ആന്തണി ഗോർഡൻ, വില്യം ഒസൂല എന്നിവരാണ് ന്യൂകാസിലിനായി സ്കോർ ചെയ്തത്. കാസെമിറോ യുണൈറ്റഡിനായി ഗോൾ നേടി.
ജോവാ പെഡ്രോയുടെ ഹാട്രിക് മികവിൽ ചെൽസി 4-1 ന് ആസ്റ്റൺ വില്ലയെ തകർത്തു. ജയത്തോടെ ചെൽസി അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും ലിവർപൂളിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു.









0 comments